ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന് ലോര്‍ഡ്സില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ സമനിലയില്‍ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്സ് സ്റ്റേഡിയത്തിലുണ്ടാകും. ട്രെന്റ് ബ്രിഡ്ജില്‍ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.


ലോര്‍ഡ്സില്‍ ആദ്യ ദിനം പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന സൂചനയുള്ളതിനാല്‍ നിലവിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. നാല് പേസര്‍മാരും സ്പിന്നറായി ജഡേജയും കളിച്ചേക്കും. ലോര്‍ഡ്സിലെ പിച്ചില്‍ അധിക ബൗണ്‍സിന് സാധ്യതയുള്ളതിനാല്‍ ടെന്നീസ് പന്ത് ഉപയോഗിച്ചായിരുന്നു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പരിശീലനം. ജെയിംസ് ആന്‍ഡേഴ്സിന് മുന്നില്‍ ആദ്യ ടെസ്റ്റില്‍ കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു.


