സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷവിമർശനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുവേളയിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് സഹകരണ പരാമർശം തോൽവിയുടെ ആക്കം കൂട്ടിയെന്നും പരാമർശം നിലമ്പൂരിന് അപ്പുറം പാർട്ടിയെ എല്ലാക്കാലത്തും വേട്ടയാടുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

നിലമ്പൂരിലെ തോൽവിയുടെ കാരണം ശരിയായി വിലയിരുത്തിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എൽഡിഎഫ് അനുഭാവമുള്ള വോട്ടുകൾ എം. സ്വരാജിലേക്ക് എത്തിക്കുന്നതിൽ പാർട്ടിക്ക് സംഘടനാപരമായ വീഴ്‌ചയുണ്ടായെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു. അടിയന്തരാവസ്ഥ അർദ്ധഫാസിസത്തിൻ്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’. ജമാഅത്തെ ഇസ്ലാമി മുമ്പ് എൽഡിഎഫിനെ പിന്തുണച്ചത് ഓർമിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദൻ്റെ ഇത്തരത്തിലുള്ള പ്രതികരണം. താൻ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതിൽ ഞങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിശ്ശബ്ദപ്രചാരണദിനത്തിൽ വീണുകിട്ടിയ വടിയുമായി യുഡിഎഫ് നേതാക്കൾ ഒന്നടങ്കം ഇടതുപക്ഷത്തിനും സിപിഎമ്മിനും എതിരേ തിരിഞ്ഞതോടെ മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച്, ഗോവിന്ദൻ പറഞ്ഞതല്ല പാർട്ടി നിലപാട് എന്ന് വ്യക്തമാക്കുകയും ചെയ്‌ിരുന്നു. ജനതാപാർട്ടിയുമായും ആർഎസ്എസുമായും ഒരുഘട്ടത്തിലും സിപിഎം സഹകരിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്ത്. ഗോവിന്ദൻ എന്തു സാഹചര്യത്തിലാണ് ഇതു പറഞ്ഞത് എന്ന് അറിയില്ലെന്നും താൻ പറയുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.



