ആഗോളകാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയിൽ ഇന്ന് തുടക്കം. പതിവ് പോലെ തന്നെ ഇത്തവണയും വിവിധ കാലാവസ്ഥാ പ്രശ്‌നങ്ങൾ വിഷയമാകും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവംബർ 30 മുതൽ ഡിസംബർ 1 വരെ യു.എ.ഇയിലുണ്ടാകും.

യു.എ.ഇ പ്രസിഡന്റ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് മോദിയെത്തുന്നത്. ഒരു ദിവസത്തെ ചർച്ചകളിൽ പങ്കെടുത്ത് വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങും. മുൻവർഷങ്ങളിൽ സമ്മേളനത്തിൻ്റെ ഭാഗമായ യു.എസ് പ്രസിഡൻന്റ് ജോ ബൈഡൻ ഇത്തവണ പങ്കെടുക്കില്ല.
വിവിധ അറബ് ഭരണാധികാരികൾ, ചാൾസ് രാജാവ്, യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ, ജോർദാൻ രാജാവ് അബ്‌ദുല്ല രണ്ടാമൻ എന്നിവരും ഉച്ചകോടിയുടെ ആദ്യദിനമെത്തും.
പാരീസ് ഉടമ്പടിപ്രകാരം ആഗോള താപ വർധനവ് 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിലനിർത്തുന്നത് പോലുളള വിഷയങ്ങൾ അഭിസംബോധന ചെയ്യും. ആഗോള താപവർധനവിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത് സമ്പന്നരാജ്യങ്ങളാണ്. ഇതിൻ്റെ ഉത്തരവാദിത്വം സമ്പന്നരാജ്യങ്ങൾ തന്നെ ഏറ്റെടുക്കണോ എന്നതും ചർച്ച ചെയ്യപ്പെടും.

മുൻകാലങ്ങളിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ കൽക്കരി ഉപയോഗം കുറയ്ക്കാമെന്ന് രാജ്യങ്ങൾ സമ്മതിച്ചുവെങ്കിലും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാമെന്ന വാഗ്‌ദാനം ആരും ഇതുവരെ നൽകിയിട്ടില്ല. ദുബായിലെ എക്സ്‌പോ സിറ്റിയാണ് ഇത്തവണ കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതാണ് കോപ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോൺഫറൻസ് ഓഫ് ദ പാർട്ടീസ്. കോപ് 27 കാലാവസ്ഥാ ഉച്ചകോടി ഈജിപ്‌തിലെ ഷറം എൽ ഷെയ്ഖിലാണ് സംഘടിപ്പിച്ചിരുന്നത്.


