നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസൽട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാൻ പോകുന്ന ഏറ്റവുംവലിയ തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന കാര്യത്തിൽ തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. യുഡിഎഫിന്റെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ആരോഗ്യകരമായ കാരണങ്ങളാൽ വിശ്രമം ആവശ്യമായി വന്നതിനാൽ തനിക്ക് നിലമ്പൂരിലേക്ക് പോവാൻ കഴിഞ്ഞിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

കൂട്ടായ പ്രവർത്തനമാണ് വിജയത്തിലേക്ക് എത്തിച്ചത്. ഇടതുപക്ഷ സർക്കാരിന്റെ വിലയിരുത്തലാണ് ഈ ഉപതിരഞ്ഞെടുപ്പ്. വരാൻപോകുന്ന തിരഞ്ഞെടുപ്പിലും ഇതേ തിരിച്ചടി ഇടതുപക്ഷത്തിന് ലഭിക്കും. ഈ സർക്കാരിനെതിരെ വിമർശനവും വിദ്വേഷവും വെച്ചുപുലർത്തുന്ന സിപിഎം പ്രവർത്തകരെപ്പോലും തനിക്കറിയാം. കൊള്ളയടിച്ച പണം മക്കളുടെയും മരുമക്കളുടെയും അക്കൗണ്ടുകളിലേക്ക് പോവുകയാണ്. നാണവും മാനവും ഉളുപ്പും ഇല്ലാത്തയാളാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി. പണ്ട് കണ്ട പിണറായി വിജയനെയല്ല ഇപ്പോൾ കാണാനാവുന്നത്. അന്നുകണ്ട പിണറായി വിജയന് കുറച്ച് മാനാഭിമാനമൊക്കെ ഉണ്ടായിരുന്നു. ഇക്കാലത്ത് മാനാഭിമാനംപോലും നഷ്ടപ്പെട്ട ഒരു നേതാവായാണ് താൻ പിണറായി വിജയനെ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.

അൻവർ ഈ തിരഞ്ഞെടുപ്പിൽ ഒരു ഫാക്‌ടർ ആയി മാറി. ഒരു വ്യക്തി അത്രയും വോട്ടുപിടിച്ചു എന്നുപറഞ്ഞാൽ അതൊരു വലിയ കാര്യമാണ്. കുറച്ചുകൂടെ സാവകാശം കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടെ വോട്ട് കിട്ടുമായിരുന്നെന്നാണ് കഴിഞ്ഞദിവസം വൈകീട്ട് അൻവർ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്. അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് പാർട്ടി ചർച്ചകളിലൂടെ തീരുമാനിക്കും. കോൺഗ്രസിലേക്ക് അൻവറിന് എന്നും വരാം. നമുക്ക് വേണ്ടത് ജനപിന്തുണയുള്ള നേതാക്കളെയാണ്. അൻവർ ജനപിന്തുണയുള്ള നേതാവാണ് എന്നതിൽ തർക്കമില്ല. സർക്കാരിനോടും മുഖ്യമന്ത്രിയോടും യുദ്ധപ്രഖ്യാപനം നടത്തി പുറത്തുവന്ന് വലിയ വോട്ട് നേടിയെടുത്തിരിക്കുന്നു. കഴിഞ്ഞത് ഉപതിരഞ്ഞെടുപ്പാണ്. ഇനി ഒരു പൊതുതിരഞ്ഞെടുപ്പിൽ ഇതിലേറെ എത്രയോ വോട്ട് പിടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും സുധാകരൻ പറഞ്ഞു.

തോൽക്കുമെന്ന് അറിഞ്ഞുകൊണ്ട് സ്വരാജിനെ കൊണ്ടുപോയി വീണ്ടും മത്സരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അദ്ദേഹം ചെറുപ്പക്കാരനും ഭാവിയുള്ള രാഷ്ട്രീയക്കാരനുമാണ്. ആ ഭാവി നശിപ്പിക്കുന്നതിന് മാത്രമേ അത് ഉപകരിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം. ബിജെപിക്ക് കേരളത്തിൽ പ്രതിച്ഛായ നഷ്‌ടപ്പെട്ടു. അവരെ സംബന്ധിച്ച്, യാതൊരു ജനപിന്തുണയുമില്ല എന്നതിന്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് മാറിയെന്നും സുധാകരൻ പറഞ്ഞു.



