ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ മൺചട്ടിയുമായി അടിമാലിയിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായവാഗ്ദാനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഇരുവർക്കും ഒരുവർഷത്തെ പെൻഷൻ തുക നൽകാമെന്ന് കൃഷ്ണകുമാർ ഫോണിൽ വിളിച്ച് ഇരുവരേയും അറിയിച്ചു.

‘ഈ പ്രായത്തിൽ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ല. പെൻഷൻ മുടങ്ങിയിരിക്കുകയാണല്ലോ, ഒരു വർഷത്തെ പെൻഷൻ ഞാൻ തന്നേക്കാം’, കൃഷ്ണകുമാർ മറിയക്കുട്ടിയോട് പറഞ്ഞു.

പലചരക്കുകടയിൽ സാധനം വാങ്ങിയതിന്റെ പറ്റ് മട്ടാഞ്ചേരിയിലെ വ്യവസായി മുകേഷ് ജെയിൻ തീർത്തു. ഇതുകൂടാതെ ചട്ടയും മുണ്ടും പലചരക്ക് സാധനങ്ങളും നൽകി. ‘നിങ്ങളുടെ മക്കളാണ് ഞങ്ങൾ. ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങൾ ഭക്ഷണം കഴിച്ചിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’, മുകേഷ് ജെയിൻ ഇരുവരോടുമായി പറഞ്ഞു.


