വ്യക്തി നിയമത്തിൽ ഭേദഗതികൾ വേണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. സ്ത്രീ-പുരുഷ സമത്വം വേണം. അതിന് ശേഷമേ മറ്റ് കാര്യങ്ങൾ നടപ്പാക്കാനാകൂവെന്നും എ.കെ ബാലൻ പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം
ഉറപ്പുവരുത്തണമെങ്കിൽ വ്യക്തി നിയമങ്ങളിൽ അനിവാര്യമായ ഭേദഗതികൾ വേണം. അതിൽ പൊതുസമ്മതം ഇല്ലാതെ ഏകസിവിൽ കോഡിലേക്ക് പോകാൻ പറ്റില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ വ്യക്തമായ ഒരു നിലപാടില്ല. അതിനാലാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽകോഡിനെതിരെ സി.പി.എം.നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിംലീഗ് തള്ളിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തതയില്ലാത്ത കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തിന് വിധേയമായി അധികകാലം ലീഗിന് മുന്നോട്ട് പോകാനാകില്ലെന്ന് എ.കെ ബാലൻ കൂട്ടിച്ചേർത്തു. ലീഗിനെ സംബന്ധിച്ച് കൃത്യമായ വിലയിരുത്തൽ തങ്ങൾക്കുണ്ട്. അവർ യു.ഡി.എഫ് വിടാൻ തീരുമാനിച്ചിട്ടില്ല. എൽ.ഡി.എഫിന് അവരെ മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള ഉദ്ദേശവുമില്ല. ഇത്തരമൊരു ചർച്ചയിലേക്ക് നിലവിലെ സാഹചര്യത്തിൽ പോകേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



