ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് കഴിയുന്ന ട്രാൻസ്ജെൻഡർ വുമണിന് ഗാർഹികപീഡനനിയമപ്രകാരം ജീവനാംശം അവകാശപ്പെടാനാകുമോയെന്ന് സുപ്രീംകോടതി പരിശോധിക്കും. ഗാർഹികപീഡനത്തിൽനിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമത്തിന്റെ രണ്ടാം (എ) വകുപ്പിൽ പറയുന്ന പ്രശ്നബാധിതയായ വ്യക്തിയിൽ ട്രാൻസ്മൺ ഉൾപ്പെടുമോയെന്ന വിഷയമാണ് പരിശോധിക്കുക.

സ്ത്രീയാണെന്ന് സ്വയം തിരിച്ചറിഞ്ഞയാളെ അങ്ങനെത്തന്നെ കാണാമെന്ന് വ്യക്തമാക്കി ട്രാൻസ് വുമണിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധിപറഞ്ഞതിനെതിരേ ഭർത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.ഭർത്താവിന്റെ ഹർജിയിൽ നോട്ടീസയച്ച ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് കേസ് 2025 ജനുവരിയിൽ പരിഗണിക്കാൻ മാറ്റി.

ട്രാൻസ്ജെൻഡറായിരുന്ന വ്യക്തി വിവാഹത്തിനു മുൻപ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഭർത്താവിൽനിന്ന് അകന്നുകഴിയുന്ന ഇവർക്ക് മാസം 12,000 രൂപവീതം ഇടക്കാല ജീവനാംശം നൽകാൻ ഉത്തരവിട്ടത് ഹൈക്കോടതി ശരിവെച്ചത് ചോദ്യംചെയ്താണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.ഗാർഹികപീഡനനിയമത്തിൽ ട്രാൻസ് വുമണിനെക്കുറിച്ച് പറയുന്നില്ലെന്നാണ് അപ്പീലിലെ വാദം.


