Wednesday, April 24, 2024

“ആരും വൈകാരികമായി പ്രതികരിക്കേണ്ട കാര്യമില്ല” – കെ കെ ശൈലജ

Election"ആരും വൈകാരികമായി പ്രതികരിക്കേണ്ട കാര്യമില്ല" - കെ കെ ശൈലജ

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വിവരങ്ങള്‍ പുറത്തുവരുമ്‌ബോള്‍ ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ആരോഗ്യമന്ത്രിയായി ലോക രാജ്യങ്ങളുടെ കൈയടി നേടിയ കെ കെ ശൈലജ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ശൈലജയെ ഒഴിവാക്കിയ പാര്‍ട്ടി നേതൃത്വത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത അതൃപ്തിയാണ് ഉയരുന്നത്. അതേസമയം പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികരണവുമായി കെ കെ ശൈലജ രംഗത്തെത്തുകയും ചെയ്തു.

ഞാന്‍ മാത്രമല്ലല്ലോ കഴിഞ്ഞ തവണയുള്ള മന്ത്രിമാരാരും തുടരുന്നില്ലല്ലോ എന്നാണ് കെ കെ ശൈലജ ഈ വിഷയത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതിന് ആരും വൈകാരികമായി പ്രതികരിക്കേണ്ട കാര്യമില്ലെന്നും, തനിക്ക് മന്ത്രി സ്ഥാനം നല്‍കി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയത് പാര്‍ട്ടിയാണെന്നും, അതിനാല്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡിനെതിരെയുള്ള പ്രവര്‍ത്തനം തന്റെ മാത്രമല്ലെന്നും സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥന്‍മാരടക്കം മികച്ച ടീമിന്റെ പ്രവര്‍ത്തനമായിരുന്നു അത്. ഇനി വരുന്ന മന്ത്രിയ്ക്കും തനിക്ക് ലഭിച്ച പിന്തുണ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം ശൈലജയെ മാറ്റിയതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ എല്ലാവരും പുതുമുഖങ്ങളാണെന്ന് മുന്‍പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, മികച്ച പ്രവര്‍ത്തന മികവില്‍ ശൈലജയ്ക്ക് ഇളവ് ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഇടത് അനുഭാവികള്‍ ഉള്‍പ്പടെ നിരവധി പേര്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതികരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും കെ കെ ശൈലജ വിജയിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles