രാമലീല പറയാതെ പറഞ്ഞ ചില യാതാര്‍ത്ഥ്യങ്ങള്‍

 

   

രാമലീല കണ്ടു ശരാശരി നിലവാരം പുലര്‍ത്തിയ നല്ലൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ ചലച്ചിത്രരൂപത്തില്‍ ആവിഷ്‌കരിക്കുവാന്‍ നവാഗതനായ അരുണ്‍ഗോപി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സാധാരണ ദിലീപ് ചിത്രങ്ങളില്‍ നിന്നും അല്പം സീരിയസ് ആയ കഥാവിഷ്‌കാരമായിരുന്നു രാമലീല. ചിരിയേക്കാളുപരി ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു ഈ ചിത്രം. വിവാദപരമായ ഒരുപാട് സംഭവവികാസങ്ങള്‍ക്കു നടുവിലാണ് രാമലീല റിലീസ് ചെയ്തത്. പ്രമുഖനടിയെ ആക്രമിക്കുവാന്‍ ക്വട്ടെഷന്‍ നല്‍കി എന്ന കുറ്റം ആരോപിക്കപ്പെട്ട് 85 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു നടന്‍ ദിലീപിന്. നാല് തവണ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി പ്രോസികൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തള്ളിക്കളഞ്ഞു. ഒടുവില്‍ 85 ദിവസത്തിന് ശേഷം തെളിവെടുപ്പ് ഏകദേശം പൂര്‍ത്തീകരിക്കുകയും സാക്ഷിമൊഴിയെടുക്കല്‍ പൂര്‍ണമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോടതി ദിലീപിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയുണ്ടായി. ദിലീപിന് ജാമ്യം ലഭിക്കുന്നതിന് ഒരു ആഴ്ച മുന്‍പാണ് രാമലീല റിലീസ് ചെയ്തത്. ചിത്രം കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ തോന്നിപ്പോയി. മറ്റൊരു സമയത്തു ആണ് ഈ ചിത്രം റിലീസ് ചെയ്തത് എങ്കില്‍ ഇതൊരു സാധാരണ ദിലീപ് ചിത്രം മാത്രമായിരുന്നു. പക്ഷെ 85 ദിവസങ്ങള്‍ക്കു മുന്‍പ് അറസ്‌റ് ചെയ്യുമ്പോള്‍ ജനപ്രിയനടന്‍ എന്ന വിശേഷണം ദിലീപിന് നഷ്ടപ്പെട്ടിരുന്നു. തെളിവെടുപ്പിനായി ഓരോ സ്ഥലങ്ങളിലും കൊണ്ടുപോകുമ്പോള്‍ കൂവലോടെയാണ് ജനങ്ങള്‍ ദിലീപിനെ വരവേറ്റത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥ മാറി സോഷ്യല്‍ മീഡിയകള്‍ വഴി ദിലീപ് അനുകൂല വികാരം പൊട്ടിപ്പുറപ്പെട്ടു. രാമലീലയിലെ ചില അര്‍ത്ഥവത്തായ ഡയലോഗുകള്‍ ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചു സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറി. കുറ്റാരോപിതനായ ദിലീപ് നിരപരാധി എന്ന് തുറന്നു കാണിക്കുവാന്‍ ജയറാമിന്റെ നേതൃത്വത്തില്‍ ജയില്‍ സന്ദര്‍ശനം വരെ നടന്നു. ജനപ്രതിനിധി കൂടിയായ ഗണേഷ്‌കുമാര്‍ തന്റെ പദവി പോലും മറന്നു സ്വന്തം സഹപ്രവര്‍ത്തകന് വേണ്ടി മറ്റുള്ളോരോട് അഭ്യര്‍ത്ഥന നടത്തി. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ അതിനു കൂറ് കാണിക്കേണ്ട സമയമാണിതെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി ഒന്നിക്കണം എന്നും വാദിച്ചു. അവസാനം സാധാരണ ഒരു ചിത്രം എന്ന നിലയില്‍ പരിഗണിക്കേണ്ട രാമലീല വന്‍വിജയമായി മാറി (എന്ന് പറയുന്നു ). രാമലീലയുടെ വിജയം ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ജനകീയ കോടതി നല്‍കിയ അംഗീകാരം ആണെന്ന് വരെ ചിലര്‍ പ്രഖ്യാപിച്ചു. സത്യത്തില്‍ രാമലീല പറഞ്ഞ കഥ എന്താണ് കുടുംബപരമായി കമ്മ്യൂണിസത്തില്‍ വിശ്വസിക്കുകയും അച്ഛന്റെ മരണശേഷം പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും ചിലകാരണങ്ങളാല്‍ തെറ്റിപ്പിരിയുകയും ശേഷം എതിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് എം എല്‍ എ സ്ഥാനത്തിന് മത്സരിക്കുകയും ചെയ്യുന്ന അഡ്വക്കേറ്റ് രാമനുണ്ണിയുടെ കഥയാണ്. കഥയില്‍ അച്ഛന്റെ ഘാതകന്‍ ആരാണെന്നു രാമനുണ്ണി മനസ്സിലാക്കുന്നുണ്ട്. തികച്ചും യാദൃശ്ചികമായ ഒരു സാഹചര്യത്തില്‍ അച്ഛന്റെ ഘാതകന്‍ കൊല്ലപ്പെടുകയും കൊലപാതകകുറ്റം രാമനുണ്ണിക്ക് മേലെ ആരോപിക്കപ്പെടുകയും ചെയ്യുന്നു. പോലീസ് രാമനുണ്ണിക്ക് മേലെ തെളിവുകള്‍ നിരത്തുമ്പോള്‍ രാമനുണ്ണി നവമാധ്യങ്ങളുടെ സഹായത്തോടെ ജനങ്ങളുടെ കണ്ണില്‍ തന്ത്രപരമായി താന്‍ നിരപരാധി ആണെന്ന് വരുത്തി തീര്‍ക്കുകയും ഇലക്ഷന് അപ്രതീക്ഷിതമായി വിജയം കൈവരിക്കുകയും ചെയ്യുന്നു. ഇതു രാമലീലയുടെ കഥ. പക്ഷെ ഈ സിനിമ പറയാതെ പറഞ്ഞ ചില സത്യങ്ങളുണ്ട്. അതിലൊന്നാണ് ദിലീപ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു ഡയലോഗ്. ‘ പോലീസിന് തെറ്റ് പറ്റിയാല്‍ ജനങ്ങളും മാധ്യമങ്ങളും അത് തിരുത്തും ‘ എന്നത്. ഇപ്പോള്‍ രാമലീലയുടെ വിജയം ഈ ഡയലോഗ്മായി കൂട്ടി വായിച്ചു ദിലീപ് നിരപരാധി എന്ന് പ്രസ്ഥാപിക്കുന്നുണ്ട്. സത്യത്തില്‍ ഈ സിനിമ പറയുന്ന യാഥാര്‍ഥ്യം എന്തെന്നാല്‍ നവമാധ്യമങ്ങള്‍ വഴി ഒരു സമൂഹത്തെ എത്രത്തോളം തെറ്റ് ധരിപ്പിക്കുവാന്‍ കഴിയും എന്നതാണ്. സിനിമയില്‍ തന്റെ അച്ഛനെ കൊന്നതിനു തന്ത്രപരമായി പ്രതികാരം ചെയ്യുകയാണ് കഥാനായകന്‍. പക്ഷെ തെളിവുകള്‍ അതിവിദഗ്ധമായി വളച്ചൊടിച്ചു നാമമാധ്യമങ്ങള്‍ വഴി താന്‍ നിരപരാധി എന്ന് വരുത്തി തീര്‍ക്കുന്നു. ഇടക്കെപ്പോഴോ നായകന്‍ പറഞ്ഞു പോകുന്നുണ്ട് നിയമത്തിനു മുന്‍പില്‍ പുകമറ സൃഷ്ടിച്ചു പുറത്തു വരാന്‍ വളരെ എളുപ്പം ആണെന്ന്. ചില സിനിമകള്‍ കാലത്തിനു മുന്‍പ് സഞ്ചരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇങ്ങനെ അറംപറ്റി വന്നത് യാദൃശ്ചികമാവാം. കുറ്റം ചെയ്ത താന്‍ നിരപരാധി ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ നവമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നത് നായകന്‍ തന്നെ നമുക്ക് കാണിച്ചു തരുന്നു. അതു യാദൃശ്ചികമാവാം. കുറ്റാരോപിതനുവേണ്ടി കൈയ്യടിക്കുമ്പോള്‍ ആ സിനിമയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ നമ്മള്‍ ചിന്തിക്കുക. തെളിവുകള്‍ വിലയിരുത്തി കോടതി പറയും പ്രതി ആരെന്നുള്ളത്. അതിനു മുന്‍പ് ‘ജനപ്രിയ’കോടതി കുറ്റാരോപിതനെ നിരപരാധി എന്ന് വിധിക്കുന്നത് തെറ്റായ കാഴ്ചപ്പാട് തന്നെയെന്ന് രാമലീലയുടെ ക്ലൈമാക്‌സ് നമുക്ക് പറഞ്ഞു തരുന്നു. സിനിമയിലെപ്പോലെ അച്ഛന്റെ ഘാതകനോട് പകരം വീട്ടിയതിനല്ല ജനപ്രിയനടന്‍ ജയിലില്‍ പോയത് സഹപ്രവര്‍ത്തകയായ ഒരാളെ വ്യക്തി വിരോധത്തിന്റെ പേരില്‍ അതിക്രമം കാണിക്കുവാന്‍ ക്വട്ടേഷന്‍ നല്‍കി എന്നതിന് ശക്തമായ തെളിവുകള്‍ ഉള്ളതിനാലാണ്. കോടതിയില്‍ ദിലീപ് രണ്ടാം പ്രതി തന്നെയാണ്. രാമലീല കണ്ടു കൈയ്യടിച്ചതു കൊണ്ടു കോടതിയില്‍ ആ ആനുകൂല്യം കിട്ടത്തില്ല. വിചാരണ നേരിട്ടെ പറ്റൂ. എല്ലാരും രാമലീലക്ക് ഒപ്പം എന്ന് പറഞ്ഞപ്പോള്‍ ഇത്രേ പ്രതീക്ഷിച്ചില്ല രാമലീലയിലെ കഥപോലെ വിലയിരുത്തിയാല്‍ ദിലീപിന് വേണ്ടി സൃഷ്ടിച്ച പുകമറയാണ് ചിത്രത്തിന്റെ വിജയം. ആ സിനിമ കണ്ടെങ്കിലും ഒരു സമൂഹത്തെ എങ്ങനെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ കഴിയും എന്ന കാര്യം മനസ്സിലാക്കുക. തെറ്റ് ചെയ്തു പോയ ദൈവം റാം റഹിം സിങ്ങിന് ശിക്ഷ കിട്ടിയിട്ട് അധികനാളായിട്ടില്ല. നിയമത്തിനു മുന്‍പില്‍ ജനപ്രിയനും ദൈവങ്ങളും സാധാരണക്കാരും തുല്യരാണ്. കേവലം താരാരാധനയുടെ പേരില്‍ പുക മറഞ്ഞു ഇരക്ക് നീതി ലഭിക്കാതെ പോകരുത്. ഒരു കുറ്റം എങ്ങനെ മറക്കപ്പെടുന്നു എന്നത് സിനിമ തന്നെ കാണിച്ചു തരുന്നു . സിനിമ ആസ്വദിച്ചോളൂ പക്ഷെ ആ സിനിമ കാണിച്ചു തരുന്ന ഒരു യാഥാര്‍ഥ്യം ഉണ്ട് അതിനു നേരെ കണ്ണടക്കരുത്. തെളിവുകള്‍ വിലയിരുത്തി കോടതി പറയട്ടെ കുറ്റവാളി ആരെന്നുള്ള സത്യം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here