നല്ല അവതാരകര്‍ പൊറുക്കണം

മേഘദൂത് എഡിറ്റോറിയല്‍ ടീം

      വാക്കുകള്‍ ചിലനേരം നവജാതശിശുക്കളെപ്പോലെയാണ്. അത്രമേല്‍ നിഷ്‌കളങ്കമായി അവ പുഞ്ചിരിതൂകും. കൊച്ചുകാര്യങ്ങളില്‍പ്പോലും വാവിട്ടു കരയും. നല്ലവാക്കുകള്‍ എന്നും പിറവിയെടുത്ത നിമിഷങ്ങളെപ്പോലെ നമ്മെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഈ ചിങ്ങമാസത്തില്‍ മലയാളിയുടെ സ്വന്തം ഓണക്കാലത്ത് നമുക്ക് വാക്കുകളെപ്പറ്റി ആലോചിക്കാം. ഭാഷയുടെ പ്രാഗ് രൂപമായ വാക്ക് ഒരിക്കലും ഭാഷയോളം മുതിര്‍ന്നതല്ലെന്ന് നമുക്കറിയാം. വാക്കുകള്‍ക്ക് പരിമിതിയുണ്ടന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് സമകാല മലയാളത്തിന്‍റെ ചില ദുരുപയോഗങ്ങളെക്കുറിച്ച് പര്യാലോചന നടത്താം. എടുത്ത് പറയാനുള്ളത് ടെലിവിഷന്‍ ഭാഷയാണ്. കേരളത്തില്‍ ദൂരദര്‍ശനു ശേഷം സ്വകാര്യ ടെലിവിഷന്‍ മാധ്യമങ്ങള്‍ ആധിപത്യം ഉറപ്പിച്ചതോടെ ഭാഷക്ക് ഘടനാപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അത് ചിലനേരം നട്ടെല്ലില്ലാതെയും ചാഞ്ഞും ചെരിഞ്ഞും ഓരിയിട്ടും കൊണ്ട് എഴുത്തച്ഛനെയും ഭാഷയുടെ മറ്റ് തച്ചന്‍മാരെയും എന്തിനേറെ നേരെചൊവ്വേ മലയാളം പറയുന്ന നമ്മുടെ സാധാരണക്കാരെയും കൊഞ്ഞനം കുത്തുന്നു.

   

അവതാരകരാണ് ഇതില്‍ ഏറെമുന്നില്‍ നില്‍ക്കുന്നത്. അവര്‍ക്ക് ഇംഗ്ലീഷിലുള്ള പരിജ്ഞാനം മാലോകരെ ബോധ്യപ്പെടുത്തികൊണ്ടുവേണം മലയാളം പറയാന്‍. അപ്പോള്‍ ഭാഷയില്‍നിന്നും ഭാഷയിലേക്ക് ഒരു പറക്കല്‍ നടത്തിക്കളയും. വാസ്തവം പറഞ്ഞാല്‍ മാനഭംഗപ്പെടുത്തലിനെക്കാള്‍ വലിയ ഭാഷാ മ്ലേച്ഛത. മലയാളം അറിയാത്തതോ അല്ലെങ്കില്‍ ഏതെങ്കിലും ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്തതോ ഒരു അപരാധമല്ല. എല്ലാവരും എല്ലാ ഭാഷയും അറിഞ്ഞിരിക്കണം എന്ന് നമുക്ക് നിര്‍ബന്ധം പിടിക്കാനാവില്ലല്ലോ. പക്ഷേ വായ് കൊണ്ടു നടത്തുന്ന ഈ ഓക്കാന പ്രക്രിയയെ നമുക്ക് ഭാഷയെന്നു വിളിക്കാനാവില്ലല്ലോ. ടെലിവിഷനിലെ ഭാഷയില്‍ സീരിയലുകളെ ശ്രദ്ധിക്കുക. ആരും സംസാരിക്കാത്ത അച്ചടി ഭാഷയാണത്. ഭാഷയുടെ പ്രാദേശിക വകഭേദങ്ങളെ പാടെ നിരാകരിച്ചു കൊണ്ട് നടത്തുന്ന ഈ അഭ്യാസപ്രകടനത്തിന് ആത്മാവില്ല. അത് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഒരു നവ മാധ്യമ രീതിയാണ്.

ഇനി റിയാലറ്റിഷോയിലേക്ക് കടന്നാലോ അവിടെ ആകെപ്പാടെ ഒരു അവിയല്‍ കലാപ്രകടനമാണ് നടക്കുന്നത്. അവിടെ ഭാഷ മറ്റെന്തൊക്കെയോ ആയിമാറും. ഈ അവതാരകരെ കണ്ടുകഴിഞ്ഞാല്‍ ചൊവ്വയില്‍ നിന്നു കെട്ടിയിറക്കിയ ഭാഷയുടെ ഭാണ്ഡവുമായി എത്തുന്നവരാണെന്ന് തോന്നാം. ലേഖനത്തില്‍ ആദ്യം പറഞ്ഞ ശിശുസഹജമായ നിഷ്‌കളങ്കത അവരുടെ വേഷഭൂഷാദികളിലോ ഭാഷയിലോ നമുക്ക് കാണാനാവില്ല. സമഗ്രമായ അശ്ലീലതയാണ് അവരുടെ പ്രകടനം. അതിന്‍റെ ഇരകളായി വാക്കുകള്‍ ചത്തു മലച്ചു വീഴുന്നു. പ്രേഷകരുടെ മേല്‍ നടത്തുന്ന മാനസികമായ ഈ കുതിരകയറ്റത്തിന് കടിഞ്ഞാണിടാന്‍ ആര്‍ക്കും സാധ്യമല്ല-  ചാനല്‍ മുതലാളിമാര്‍ ഒഴികെ…..Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here