മാമ്പൂ മണമൊഴുകുന്ന നോമ്പുകാല സ്മരണകള്‍…

പിതാവിന്റെ സൗമ്യ സാമീപ്യമില്ലാത്ത നാലാമത്തെ നോമ്പുകാലമാണ് കടന്നുപോകുന്നത്…വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു നോമ്പുകാലത്തിന് നാലുനാള്‍ ശേഷിക്കെയാണ് പ്രിയ പിതാവ് കടന്നുപോയത്.

ഇന്നും കുട്ടിക്കാലത്തെ വികൃതി നിറഞ്ഞ നോമ്പുകാലത്തോളം വരില്ല ഒന്നും… കുട്ടിക്കാലത്ത് കുടുംബത്തിലെ മര്യാദക്കാരനായ നോമ്പുകാരനായിരുന്നു ഞാന്‍. എന്നാല്‍, എനിക്കും കൂട്ടുകാര്‍ക്കും ആശ്വാസം നല്‍കിയിരുന്നത് സ്‌കൂളിലേയ്ക്കു പോകുംവഴിയുള്ള പറമ്പുകളില്‍ മൂത്ത് പഴുത്തുകിടന്നിരുന്ന കശുമാങ്ങകളായിരുന്നു എന്നത് ഞങ്ങള്‍ക്കിടയില്‍ മാത്രം തങ്ങി നിന്നിരുന്ന രസഹ്യമായിരുന്നു. കശുമാന്തോപ്പില്‍ നിന്നുള്ള കാറ്റടിക്കുമ്പോള്‍ മാങ്കൊമ്പുകളിലേയ്ക്ക് കല്ലുകള്‍ പാറിയ്‌ക്കൊണ്ടേയിരുന്നു. ഉടുപ്പുകളെ തഴുകി പഴങ്ങള്‍ നിലം പതിച്ചു. ദാഹം ശമിപ്പിക്കാന്‍ നെല്‍പ്പാടങ്ങളിലെ നീര്‍ചാലുകള്‍ കൂട്ടുനിന്നു.

എന്നാല്‍, ഈ ഇടക്കാല ‘ഇഫ്താര്‍ സംഗമ’ങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒരുനാള്‍ ഉച്ച ഇടവേളയില്‍ ഞങ്ങള്‍ കയ്യോടെ പിടിക്കപ്പെട്ടു. ഒറ്റിയത് തോട്ടം ഉടമ തന്നെ. പതിവ് ‘ഇഫ്താര്‍ വിരുന്ന്’ കഴിഞ്ഞ് സ്‌കൂളിലേയ്ക്ക് പാഞ്ഞെത്തുമ്പോഴേയ്ക്കും അദ്ദേഹം പരാതി ഹെജ്മിസ്ട്രസിനെ ബോധിപ്പിച്ചു കഴിഞ്ഞിരുന്നു. ‘കണ്ടാലറിയാവുന്ന നാലഞ്ചുപേരാണത്രേ പ്രതികള്‍’ ഹെഡ്മിസ്ട്രസിന് ഒട്ടും സംശയിക്കേണ്ടി വന്നില്ല. സ്ഥിരം പ്രശ്‌നക്കാരായ ഞങ്ങളിലേയ്ക്ക് തന്നെ ആ കണ്ണുകള്‍ എത്തപ്പെട്ടു.

   

അടവുകള്‍ അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. ‘നിരപരാധികളും നിര്‍ദോഷികളും സര്‍വോപരി കടുത്ത നോമ്പുകാരുമായ ഞങ്ങളെ ഇങ്ങനെ അനാവശ്യമായി സംശയിക്കരുതേ…’ എന്ന വിനീതമായി അപേക്ഷിച്ചു. ടീച്ചര്‍ ഏതാണ്ട് വിശ്വസിച്ചതുപോലെ എത്തിയപ്പോഴാണ് കള്ളന്മാരെ ചൂണ്ടിക്കാട്ടാനായി ആ നശിച്ച കാറ്റെത്തിയത്. അവന്‍ ഞങ്ങളെ തഴുകി കടന്നുപോയിത് നേരേ ടീച്ചറുടെ മുന്നിലേയ്ക്ക്. പിന്നെ പറയണോ പുകില്…

അന്തരീക്ഷം മൊത്തത്തില്‍ തോട്ടക്കാരനെ പിന്തുണച്ചു. ടീറ്റര്‍ മെല്ല അടുത്തേയ്‌ക്കെത്തി. ഞങ്ങളുടെ കൈകളിലേയ്ക്ക് പിടിച്ച് ഒന്നു മണത്തൂ. പിന്നെ എന്തു പറയാന്‍. നഖങ്ങള്‍ക്കിടയില്‍ നിന്നും ഡി.എന്‍.എ തെളിവുകള്‍ കൂടി കണ്ടെടുത്തതോടെ എല്ലാം തകര്‍ന്നു. ഒരു ദയാഹര്‍ജിയ്ക്കുപോലും അവസരം തരാതെ വിധിവന്നു. മേശമേലിരുന്ന ചൂരല്‍ കെട്ട് വെളിയിലേയ്ക്ക് എത്തിനോക്കി. പിന്നെ വായുവില്‍ ചൂളം വിളിച്ചുകൊണ്ടെത്തി. തുടകള്‍ തുടുതുടുത്തു. നോമ്പുകള്ളന്മാരുടെ ഏങ്ങലടികള്‍ സ്‌കൂളിലാകെ പ്രകമ്പനം കൊണ്ടു. കണ്ണീര്‍ച്ചാലുകള്‍ അണവിട്ട് ഒഴുകി. എല്ലാം തീര്‍ന്നെന്നു കരുതിയിരിക്കുമ്പോള്‍ ഇതാ തന്റെ പിതാവിനോടുള്ള കടമ നിറവേറ്റല്‍ എന്നവണ്ണം രണ്ടടി പ്രത്യേകം വച്ചുനീട്ടി.

അന്ന് ഒരുപാട് കരഞ്ഞുവെങ്കിലും ഇന്നും മനസില്‍ തങ്ങി നില്‍ക്കുന്നത് അന്നത്തെ നോമ്പുകാലം തന്നെയാണ്….

മുഹമ്മദ് മന്‍സൂര്‍Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here