ദളിതന് ‘പത്മവ്യൂഹം’ തീര്‍ക്കാന്‍ നക്‌സലേറ്റുകള്‍ വരുമോ…?

ത് 2016, ലോകം ആധുനികതയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്നു. ഇനി അവന് കീഴടക്കാന്‍ ദൈവം മാത്രമേയുള്ളൂ. ലോകത്ത് എന്ത് പുതിയത് ഇറങ്ങിയാലും കാണുവാനും വാങ്ങുവാനും മറ്റുള്ളവരെക്കാള്‍ മുന്‍പേ നില്‍ക്കുന്നവരാണ് മലയാളികള്‍. എന്നാല്‍, ഈ ആധുനികതയിലും കേരളത്തിലെ ദളിതനും ആദിവാസികളുമെല്ലാം ഇന്നും പീഡനത്തിന് ഇരയാകുന്നു. മറ്റുളവര്‍ക്കു വേണ്ടി കൃഷിപ്പണി ചെയ്യുന്ന ഭൂരിപക്ഷം വരുന്ന ദളിതരെ സമൂഹം ന്യൂനപക്ഷമായി കാണുന്നു.

പാടത്തും ചേറിലും ചോര നീരാക്കിയ ദളിതരുടെ മക്കള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം നേടുകയും ഉന്നത നിലയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ദളിതര്‍ എത്ര ഉന്നതിയില്‍ എത്തിയാലും മറ്റുള്ളവര്‍ അവരെ അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്. അവര്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് ഉള്ളതാണ് പ്രധാന കാരണം. പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടാന്‍ പോയാലും അവിടെയും അവര്‍ പരിഹസിക്കപ്പെടുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെപ്പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സമൂഹത്തില്‍ ഉന്നതനിലയില്‍ എത്താനും അവര്‍ക്കും അവകാശമുണ്ടെന്ന് ജാതിക്കോമരങ്ങള്‍ ഇനി എന്ന് മനസിലാക്കും.

ദൈവത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന ഈ കേരളത്തില്‍ ദളിതര്‍ നേരിടുള്ള പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ജിഷയുടെ മരണം കേരളം ഞെട്ടലോടെയാണ് കേട്ടത്. അടിസ്ഥാന സൗകര്യങ്ങളും കെട്ടുറപ്പുമുള്ള ഒരു വീട് ദളിതര്‍ക്ക് ഇന്നും അന്യം തന്നെയാണ്. ദളിതര്‍ എന്ന പേരു ചാര്‍ത്തി അവന്‍ അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്.

   

ജന്മിമാരുടെ കാലത്ത് നമ്മുടെ നാട്ടില്‍ ദളിത് പീഡനങ്ങള്‍ കൂടിയപ്പോള്‍ നല്ലൊരു വിഭാഗവും ഇതര മതത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ ഇനിയും ഇതുതന്നെ ആവര്‍ത്തിക്കപ്പെടും.

കേരളത്തിലെ ഭൂരിപക്ഷം ദളിതരും ഇന്നും എല്‍.ഡി.എഫിനൊപ്പമാണ് നില്‍ക്കുന്നത്. ദളിതര്‍ക്കു വേണ്ടി വാതോരാതെ സംസാരിക്കുന്ന സിപിഎം തലശ്ശേരിയില്‍ ജാതിവെറിയ്ക്ക് എന്ത് ന്യായീകരണമാണ് നല്‍കുന്നത് എന്നും ചോദ്യം ഉയരുന്നുണ്ട്. ഒരു ദളിതനു പോലും പിബിയില്‍ അംഗത്വം നല്‍കിയിട്ടില്ലെന്ന ആക്ഷേപവും ഇതോടൊപ്പം നിലനില്‍ക്കുകയാണ്.

കറുപ്പിന്റെ പേരില്‍ ആഡിസ് കലര്‍ന്ന ടോയ്‌ലറ്റ് ക്ലീനര്‍ കുടിക്കേണ്ടിവന്ന ദളിത് പെണ്‍കുട്ടിയും ദളിത് പീഡനത്തിന്റെ ഇരയാണെന്നാണ് ആരോപണം. ഇത് ഇനിയും തുടരുമെന്ന് ഓരോ ദളിതനും വ്യക്തമായി അറിയാം. അതും പേറിയാണ് അവന്‍ അന്തിയുറങ്ങുന്നത്. ഒരു തുണ്ടു ഭൂമിയ്ക്കുവേണ്ടി ഭൂസമരം നടത്തുന്ന ചെങ്ങറ സമരക്കാരുടെയും മുത്തങ്ങയില്‍ നില്‍പ്പുസമരം നടത്തിയ ആദിവാസികളുടെയും കണ്ണീര്‍ കാണാന്‍ ഇവിടെ ആരുമില്ല. ഇവരുടെ കണ്ണീരൊപ്പാന്‍ എന്ന പേരില്‍ ഇവിടേയ്ക്ക് വരുന്ന നക്‌സലേറ്റുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും സ്വാഗതമരുളാന്‍ ദളിതര്‍ തയ്യാറായാല്‍ വടക്കേ ഇന്ത്യയിലെപ്പോലെ കേരളവും ചോരക്കളമായേക്കാം. ഈ സ്ഥിതി തുടര്‍ന്നാല്‍ അതും ഒട്ടും വിദൂരമല്ല.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here