പമ്പയിലൊഴുക്കുവാന്‍ ആയിരം കോടി

കേരളത്തിലെ നദികളില്‍ നീളത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള പമ്പാനദി മനുഷ്യ നിര്‍മ്മിതമായ മാലിന്യങ്ങള്‍ പേറി മരണത്തിലേയ്ക്ക് എത്തിപ്പെട്ടുകൊണ്ടിരിക്കുന്നു. 176 കിലോ മീറ്റര്‍ നീളമുള്ള പമ്പാനദി അന്ത്യശ്വാസം വലിച്ചാണ് വേമ്പനാട്ട് കായലില്‍ പതിക്കുന്നത്.

ഒരു കാലത്ത് ജലം, മത്സ്യം, മണല്‍, ഔഷധഗുണം എന്നിവകൊണ്ട് സമ്പന്നമായിരുന്ന പുണ്യപമ്പ ഇന്ന് മണ്‍പുറ്റുകളും പുല്‍േമടുകളും നിറഞ്ഞ മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു. ശബരിമല കാടുകളില്‍ പിറവികൊണ്ട് തെളിനീരുറവയായി ഒഴുകിയ പമ്പ ഇന്ന് മരണശയ്യയിലാണ്. പശ്ചിമഘട്ടത്തിലെ ഔഷധ സസ്യങ്ങളെ തഴുകി വന്നിരുന്ന പമ്പയ്ക്ക് ഔഷധ ഗുണമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് പുതുതലമുറയെ നീന്തല്‍ പഠിപ്പിക്കാന്‍ പോലും നദിയിലിറക്കാന്‍ ആരും തയ്യാറല്ല.

35 ലേറെ ചെറു പട്ടണങ്ങളിലെ മലിന്യം പേറിയാണ് പമ്പ ഇന്ന് ഒഴുകുന്നത്. പമ്പയുടെ തീരങ്ങളിലെ എണ്ണമറ്റ അറവുശാലങ്ങളും ചന്തകളും ആതുരാലയങ്ങളും ടണ്‍കണക്കിന് മാലിന്യങ്ങളാണ് ദിനംപ്രതി പമ്പയിലേയ്ക്ക് തള്ളിക്കൊണ്ടിരിക്കുന്നത്. കൈവഴിയിലൂടെയും കൈത്തോടുകളിലൂടെയും പമ്പയിലേയ്ക്ക് എത്തപ്പെടുന്ന മാലിന്യങ്ങളും ഇതിന് പുറമേ വാഹനങ്ങളില്‍ കൊണ്ടു വന്ന് തള്ളുന്ന മനുഷ്യ വിസ്സര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും
പുണ്യനദിയുടെ നാശത്തിന് ആക്കം കൂട്ടുന്നു. ശബരിമല സീസണില്‍ പുറംതള്ളുന്ന മാലിന്യങ്ങളും വ്യാപകമായ മണലൂറ്റും പമ്പയുടെ ആയുസ്സ് കുറയ്ക്കാന്‍ ഇടയാക്കി.

2002 ലെ പമ്പാ ആക്ഷന്‍ പ്ലാന്‍ പ്രകാരം വടശ്ശേരിക്കര ഗ്രാമത്തില്‍ നിന്നു മാത്രമായി ദിനംപ്രതി പമ്പയിലെത്തുന്നത് 65,000 ലിറ്റര്‍ മലിന ജലവും 800 കിലോഗ്രാം ഖര മാലിന്യവുമാണ്. റാന്നി പെരുനാടില്‍ 32,000 ലിറ്റര്‍ മലിനജലവും 650 കിലോഗ്രാം ഖരമാലിന്യവും ഈ നദിയിലേക്കെത്തുന്നു.

   

ബാക്കിയുള്ള പ്രദേശങ്ങളിലെ മാലിന്യം കൂടി കണക്കാക്കിയാല്‍ പമ്പ ദിനംപ്രതി വഹിക്കുന്ന മാലിന്യത്തിന്റെ അളവ് എത്ര ഭീമമാണെന്ന് മനസ്സിലാക്കാം. ഇൗ കണക്കുകള്‍ 2002 ലെ മാത്രമാണെന്നും വടശ്ശേരിക്കര മാത്രം ഉള്‍പ്പെടുത്തിയുള്ളതാണ് എന്നതുംള്ളതും ഞെട്ടിപ്പിക്കുന്നതാണ്. പമ്പാനദി കടന്നുപോകുന്ന മുപ്പതിലേറെ പഞ്ചായത്തുകളിലെ കണക്കുകള്‍ ഒരുമിച്ചെടുത്താല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലവും ടണ്‍കണക്കിന് ഖരമാലിന്യവുമാണ് രാപകലില്ലാതെ നദിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

പമ്പ ഇന്ന് എല്ലാ മതവിഭാഗക്കാരുടെയും സ്വത്താണ്. ആറന്മുള, ചെറുകോല്‍പ്പുഴ ഹിന്ദു മത സമ്മേളനം, മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങിയ വിവിധ മതസമ്മേളനങ്ങള്‍ക്കാണ് പമ്പ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പമ്പ ഇല്ലാതായാല്‍ ഇവിടെ ഒരു സംസ്‌കാരം തന്നെയാണ് ഇല്ലാതാകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവിടെ ഒരു നദി ഉണ്ടായിരുന്നു എന്ന് വരും തലമുറയോട് പറയേണ്ട കാലം അകലെയല്ല എന്നതും വ്യക്തം.

ശബരിമലയില്‍ അടുത്തിടെ 30 കോടിയിലേറെ രൂപ മുടക്കി സ്ഥാപിച്ച മാലിന്യസംസ്‌കരണ പ്ലാന്റ് പരാജയപ്പെട്ടത് ബന്ധപ്പെട്ട അധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ ഫലമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അനുവദിച്ച 1000 കോടിയുടെ പാക്കേജ് ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞാല്‍ പമ്പാ നദിയെ മരണത്തില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്താം. 1000 കോടി പമ്പയില്‍ ഒഴുക്കിക്കളയാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ ഒരു സംസ്‌കാരമാകും നിലനില്‍ക്കുക.LEAVE A REPLY

Please enter your comment!
Please enter your name here