കായിക മന്ത്രിയ്‌ക്കെതിരായ അഞ്ജുവിന്റെ ‘ചാട്ട’ത്തിനു പിന്നില്‍…

പി.ടി ഉഷ കഴിഞ്ഞാല്‍ കേരളം കണ്ട ഏറ്റവും വലിയ അത്‌ലറ്റ് ആണ് അഞ്ജു ബോബി ജോര്‍ജ് എന്ന ലോങ്ങ് ജമ്പ് താരം. അഞ്ചു മാസം മുന്‍പാണ് ഒളിമ്പ്യന്‍ അഞ്ജുവിനെ സംസ്ഥാന സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ആക്കിയത്. ഇതിനു പിന്നില്‍ അഞ്ജുവിന്റെ ഭര്‍ത്തൃപിതാവിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആത്മബന്ധമാണെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സ്ഥാനം കിട്ടിയതിനു പിന്നിലെ കാരണങ്ങള്‍ ചികയേണ്ടതിന്റെ ആവശ്യകതയെക്കാള്‍ സ്ഥാനത്ത് എത്തിക്കഴിഞ്ഞ ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയാണ് മുഖ്യം.

2015 നവംബര്‍ 27 നാണ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റ പത്മിനി തോമസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് അഞ്ജുവിനെ തല്‍സ്ഥാനത്തേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. പത്മിനി തോമസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കായിക മേഖലയിലുണ്ടാക്കിയ കളങ്കം മാറ്റിയെടുക്കുക എന്നതാണ് അഞ്ജു ബോബി ജോര്‍ജ് എന്ന ഒളിമ്പ്യന് ബാറ്റണ്‍ കൈമാറിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിച്ചത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പദവി വെറും ഒരു പദവിയായി ഒതുക്കിക്കൊണ്ടുള്ള സമീപനമാണ്അഞ്ജുവില്‍ നിന്നും ലഭിച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കേ മാസത്തില്‍ രണ്ടു തവണ മാത്രം കേരളത്തില്‍ കാലു കുത്തിക്കൊണ്ടുള്ള ‘ഷോര്‍ട്ട് ഹാന്റ്’ പ്രവര്‍ത്തനമാണ് അഞ്ജു കാഴ്ച വെച്ചത്. ഇതിന് കാരണവുമുണ്ട്.

   

നിലവില്‍ മദ്രാസ് കസ്റ്റംസിലെ ഉദ്യോഗസ്ഥയാണ് അഞ്ജു. അവിടെ നിന്നും ശമ്പളം കൈപ്പറ്റുന്നും ഉണ്ട്. നാഷണല്‍ ട്രെയിനിംഗ് ക്യാമ്പിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിനാണ് ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ തന്റെയും ഭര്‍ത്താവിന്റേയും പേരില്‍ ബംഗുളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമി’ നോക്കി നടത്തുകയാണ് അവര്‍ ചെയ്യുന്നത്. ഇതിന് നിയമപരമായ നിലയില്‍ തന്നെ പലയിടത്തുനിന്നും ഫണ്ടിങ്ങും ലഭിക്കുന്നുണ്ട്.ഇതിനിടെ വല്ലപ്പോഴും കേരളത്തിലെത്തിയാലായി. ഇത്തരത്തില്‍ വല്ലപ്പോഴും തലസ്ഥാനത്ത് എത്തിപ്പോകാനുള്ള വിമാന ടിക്കറ്റ് ഈടാക്കിയതിനെയാണ് കായിമന്ത്രി ഇ.പി ജയരാന്‍ ചോദ്യം ചെയ്തത്. അഞ്ജു നടത്തിക്കൊണ്ടിരിക്കുന്ന ഈ യാത്രയുടെ ചെലവും ഒപ്പം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്ന നിലയില്‍ അഞ്ജു കേരളത്തിന്റെ മണ്ണില്‍ കാലുകുത്തുന്ന സമയത്തിന്റെ അളവുകുറവുമാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്.

പിന്നെ, ഈ പദവി താന്‍ ആരുടെയും കാലുപിടിച്ച് നേടിയെടുത്തതല്ലെന്ന് അഞ്ജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഉമ്മന്‍ ചാണ്ടി പോളിടിക്‌സ്’ ആണ്് തിരക്കേറിയ അഞ്ജുവിനെ ഇത്തരമൊരു സ്ഥാനത്ത് നിയമിച്ചത് എന്നതും വ്യക്തം. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ മാറിയപ്പോള്‍ രാജി വയ്ക്കാതിരുന്ന അവരെ നേരിട്ടു കണ്ടപ്പോള്‍ കായികമന്ത്രി ഇ.പി ജയരാജന്‍ ഉള്ളിലൊതുക്കിയിരുന്ന രോഷം അണപൊട്ടിയാലും അത്ഭുതപ്പെടാനില്ല.

ഇതിനൊക്കെ പുറമേ ഒരു കോച്ച് ആകാന്‍ പോലും യോഗ്യത ഇല്ലാത്ത സഹോദരനുവേണ്ടി എല്ലാ കോച്ചുമാരുടെയും സൂപ്പര്‍വിഷന്‍ ചുമതലയുള്ള ടെക്‌നികല്‍ ഡയറക്ടര്‍ ആക്കാന്‍ അഞ്ജു ശ്രമം നടത്തിയതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇത്തരം കളങ്കളെല്ലാം അകറ്റി കായിക വകുപ്പിന്റെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കായികലോകത്തിന്റെ പ്രതിനിധിയും സര്‍വ്വസമ്മതനുമായ ഒരു വ്യക്തിയെ നിയമിക്കാനാണ് നിലവിലെ സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ തന്നെയാണ് പുതിയ സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അമരത്തേക്കു പരിഗണിക്കുന്നത് എന്നും സൂചനകളുണ്ട്. ഇതിനിടെ ആയിരുന്നു അഞ്ജുവിന്റെ പൊടുന്നനെയുള്ള സന്ദര്‍ശനം. കൂടിക്കാഴ്ചയില്‍ നിലവിലെ സര്‍ക്കാര്‍ തീരുമാനം കായികമന്ത്രി അഞ്ജുവിനെ അറിയിച്ചതായാണ് സൂചന.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here