‘കൈ’യ്യൊടിഞ്ഞ കോണ്‍ഗ്രസിനെ താങ്ങാന്‍ സുധീരനാകുമോ…?

കേരളത്തിലെ കോണ്‍ഗ്രസിന്റെ തളര്‍ച്ചയകറ്റാന്‍ പുതുനേതൃത്വം സ്വീകരിക്കാന്‍ വി.എം സുധീരന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിക്കൊണ്ട് എഐസിസി നേതൃത്വം തയ്യാറായിരിക്കുന്നു. 130 വര്‍ഷം പഴക്കമുള്ള മുത്തശ്ശിപ്പാര്‍ട്ടിയ്ക്ക് കേരളത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പുതുരക്തമുള്ള ശക്തമായ നേതൃത്വം മുന്നോട്ടു വന്നേ മതിയാകൂ.

അഴിമതി, ഗ്രൂപ്പിസം, ലീഗിന്റെ വിലപേശലില്‍ കുടുങ്ങിയുള്ള ശക്തമായ ന്യൂനപക്ഷ പ്രീണനം, കാലുവാരല്‍, ഘടകകക്ഷികളോടുള്ള അവഗണന, അഴിമതി ആേരാപണ വിധേയരായവരെ സ്ഥാനാര്‍ത്ഥിയാക്കല്‍, അപ്രഖ്യാപിത നിയമന നിരോധം ഇങ്ങനെ നീളുന്നു കോണ്‍ഗ്രസിന്റെ തോല്‍വിയുടെ കാരണപ്പട്ടിക…

ഗ്രൂപ്പിസമാണ് കോണ്‍ഗ്രസിന്റെ നട്ടെല്ലെന്ന് പറയുമ്പോഴും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെ അനുകൂലിക്കുന്നില്ല. സുധീരന്റെ ധീരമായ പല നിര്‍ദേശങ്ങളും ഗ്രൂപ്പിസത്തില്‍പ്പെട്ട് പലപ്പോഴും കുഴഞ്ഞു മറിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സുധീരന്റെ വാക്ക് കേട്ടിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് പരാജയത്തിന്റെ ആഴം കുറയ്ക്കാമായിരുന്നു. മരണം വരെ അധികാരത്തോടും പാര്‍ട്ടി നേതൃനിരയില്‍ ഇരിക്കണമെന്നുള്ള നേതാക്കന്മാരുടെ ആഗ്രഹത്തോടും യൂത്ത് കോണ്‍ഗ്രസ് പിന്തിരിഞ്ഞു നിന്നതും തിരിച്ചടിയായി. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നീ മൂന്ന് ന്യൂനപക്ഷക്കാരാണ് ഭൂരിപക്ഷത്തെ ഭരിക്കുന്നത് എന്ന തോന്നല്‍ ജനങ്ങളിലെത്തിക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞതും പരാജയ കാരണമായി.

   

ബി.ഡി.ജെ.എസിനെ നഖശിഖാന്തം എതിര്‍ക്കാന്‍ വി.എസും പിണറായിയും മത്സരിച്ചപ്പോള്‍ യു.ഡി.എഫിന്റെ ഭാഗത്തു നിന്നും സുധീരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മൗനം തുടര്‍ന്നു. ഇതോടൊപ്പം ന്യൂനപക്ഷക്കാരെ തങ്ങള്‍ക്ക് മാത്രമേ രക്ഷിക്കാന്‍ കഴിയൂ എന്നതോന്നല്‍ ജനങ്ങളിലെത്തിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ശക്തമായ ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ പിണറായിയ്ക്ക് ഭരണ തുടര്‍ച്ച എളുപ്പമായിരിക്കും. കെ.പി.സി.സി പ്രസിഡന്റിനെ സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിച്ചാല്‍ കോണ്‍ഗ്രസിനും പുതുജീവന്‍ ലഭിക്കും. രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ഇടപെട്ട് പ്രതിപക്ഷ നേതാവാക്കിയതും കോണ്‍ഗ്രസിന്റെ ഉയര്‍ച്ച ലക്ഷ്യമിട്ടാണ്.

കഴിവുള്ള പുതുനേതൃനിരയെ അണിനിരത്തി പടനയിക്കാന്‍ സുധീരനെ എ, ഐ ഗ്രൂപ്പുകള്‍ അനുവദിച്ചാല്‍ കോണ്‍ഗ്രസിന് മുന്നേറാനാകും. എന്നാല്‍, സുധീരനെ അടിച്ചൊതുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് രംഗത്തെത്തിയാലും അത്ഭുതപ്പെടാനില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. നേതൃനിരയില്‍ മാത്രമേ ഗ്രൂപ്പിസം ഉള്ളൂ എന്നത് ഗ്രൂപ്പ് നേതാക്കള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ല.

യുവജനങ്ങളില്‍ നല്ലൊരു വിഭാഗം സിപിഎമ്മിലേയ്ക്കും ബി.ജെ.പിയിലേയ്ക്കും പോകുന്നതും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ജനശ്രദ്ധ പിടിച്ചു പറ്റുന്ന പൊതുജന-യുവജന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തെത്തുകയും ഭരണപക്ഷത്തിന്റെ പേരായ്മകള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ഭരണപക്ഷത്തിനെതിരെ തിരിയ്ക്കാനും സുധീരനാല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ‘കൈ’യ്യുടെ ഒടിവ് മാറ്റാം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here