നിര്‍ധനര്‍ക്ക് ഇക്കുറി സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തത് അധിക ബാധ്യത കാരണമെന്ന് ഭക്ഷ്യമന്ത്രി.

സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വരുന്ന നിര്‍ധനര്‍ക്ക് ഇക്കുറി സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധമുയരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിലും ഓണാഘോഷം ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാര്‍ പട്ടിണിപ്പാവങ്ങളെ തഴഞ്ഞെന്നാണ് ആക്ഷേപം.

ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

   

എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധികചിലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ഇക്കുറി ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി ഇനങ്ങള്‍ നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് കിറ്റുകള്‍ നല്‍കുന്നുണ്ട്.

പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സമ്ബൂര്‍ണ്ണ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റെടുത്താണ് സര്‍ക്കാര്‍ ഇതെല്ലാം നിര്‍വ്വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബിപിഎല്‍ അടക്കം പതിനാറ് ലക്ഷം പേര്‍ക്കാണ് ഓണക്കാലത്ത് സൗജന്യകിറ്റ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് മഞ്ഞക്കാര്‍ഡ് ഉടമകളിലേക്ക് ചുരുങ്ങി. എന്നാല്‍ ഈ ഓണത്തിന് അതും ഇല്ലാതായി. ധനവകുപ്പിന്റെ ക്ലിയറന്‍സ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here