തേക്കടി ഹോംസ്റ്റേയില്‍ മൂന്ന് പേരുടെ മരണം: ഒരാളുടേത് കൊലപാതകമെന്ന് പൊലീസ്.

തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഒന്ന് കൊലപാതകമെന്ന് പൊലീസ്. ഭാര്യ ജീവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവും അമ്മയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഞായറാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ഹോംസ്റ്റേയില്‍ തിരുവനന്തപുരം സ്വദേശി വിഷ്ണുവെന്ന പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും, ജീവയെ കഴുത്തില്‍ ഷാള്‍ മുറുകി കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ജീവയുടേത് കൊലപാതകമെന്ന സൂചനകള്‍ ലഭിച്ചത്.

   

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ജീവയുടെ പേരിലുള്ള കമ്പത്തെ ഭൂമി വില്‍ക്കാനായാണ് കുടുംബം തേക്കടിയിലെത്തുന്നത്. ഇത് വിറ്റുകിട്ടുന്ന പണത്തിനായി കുമളി മേഖലയില്‍ എസ്റ്റേറ്റ് വാങ്ങാനും ഉദ്ദേശിച്ചിരുന്നു. ജീവയുടെ കൈവശം പത്ത് ലക്ഷം രൂപയും 80 പവനും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചുകൊണ്ടുള്ള ആര്‍ഭാട ജീവിതമായിരുന്നു പ്രമോദിന്റേത്. ഒടുവില്‍ പണം തീര്‍ന്നപ്പോള്‍ ഇതേച്ചൊല്ലി ജീവയും പ്രമോദും വഴക്കായി. പ്രമോദ് ജീവയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നു. രക്ഷപ്പെടാന്‍ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രമോദും അമ്മയും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചത്.

ശോഭന കത്തിയെടുത്ത് കയ്യിലെ ഞെരമ്പ് മുറിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഇരുവരും തൂങ്ങിയത്. പ്രമോദിനെതിരെ നിരവധി ക്രിമിനല്‍ കേസുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് വിദേശത്തായിരുന്ന പ്രമോദ് വിസ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നതാണ് ഈ കേസുകളെല്ലാം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here