കാരുണ്യ സഹായ പദ്ധതി തുടരില്ല; തോമസ് ഐസക്.

കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നവആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ചേര്‍ത്ത് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഏപ്രില്‍ മുതല്‍ നടപ്പിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കാരുണ്യ ചികിത്സ പദ്ധതി ജൂണ്‍ 30ന് അവസാനിപ്പിച്ചു. ഇതുമൂലം കാരുണ്യ പദ്ധതിയില്‍പ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു.

   

സാധാരണക്കാരില്‍നിന്നു പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പദ്ധതിയുടെ സമയ പരിധി നീട്ടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. കാരുണ്യ ലോട്ടറിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതി തുടരാന്‍ ധന വകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതിയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ചേരാമെന്നും മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചു. ഉത്തരവിറങ്ങും വരെ ചികിത്സ തേടി എത്തുന്നവരെ തിരിച്ചയ്ക്കരുതെന്നും ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണമെന്നും പണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതു തള്ളിയാണ് ധനവകുപ്പ് രംഗത്തെത്തിയത്.

കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. റിലയന്‍സിനാണു നടത്തിപ്പു ചുമതല നല്‍കിയത്.

പുതിയ ചികിത്സാ പദ്ധതി വന്നതോടെ കാരുണ്യ ചികിത്സ സഹായ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂണ്‍ മുപ്പതിന് സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാല്‍ നേരത്തേ കാരുണ്യ വഴി ഇതു ലഭിച്ചിരുന്നു.LEAVE A REPLY

Please enter your comment!
Please enter your name here