നിപയെ തളച്ച കേരളം; അതിജീവനത്തിന്റെ മലയാളി മോഡൽ.

കാറ്റിന് പോലും മരണത്തിന്റെ മണമുള്ള നഗരം.മാസ്‌ക് ധരിച്ച മുഖങ്ങളിൽ എങ്ങും ഭീതിയുടെ നിഴലാട്ടം.ഒരു വർഷം മുൻപത്തെ കോഴിക്കോട് നഗര കാഴ്ചകൾ മലയാളിയുടെ മനസിൽ നിന്നും ഇപ്പോളും മാഞ്ഞുതുടങ്ങിയിട്ടില്ല.നിപ്പ എന്ന മഹാവിപത്തിന്റെ ഭീതിയിൽ വിറങ്ങലിച്ചു നിന്ന ഒരു നാട് ദുരന്തത്തെ അതിജീവിച്ചത് ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്.അപകടകാരിയായ വൈറസിന്റെ സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുൻപെ പഴുതടച്ച ക്രമീകരണങ്ങളുമായി രംഗത്തിറങ്ങിയ ഡോക്ടർമാരും ആരോഗ്യ സന്നദ്ധസേവാ പ്രവർത്തകരും.മുന്നിൽ നിന്ന് നയിച്ച് ആരോഗ്യ മന്ത്രിയും കളക്ടറും ഉദ്യോഗസ്ഥരും.വൻദുരന്തമായി മാറുമായിരുന്ന രോഗത്തെ റിപ്പോർട്ട് ചെയ്ത് ഒരുമാസത്തിനുള്ളിൽ നിയന്ത്രണ വിധേയമാക്കിയ അതീജീവനത്തിന്റെ കഥയെ രാജ്യം വാഴ്ത്തുമ്പോൾ തെളിയുന്നത് ഉത്തരവാദിത്വമുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും മുഖമാണ്.വൈറസിനെ പിടിച്ചുകെട്ടിയ കഥയും കണ്ണീരും കാണാപ്പുറങ്ങളും അഭ്രപാളികളിലും നിറയുമ്പോൾ നിപ അതിജീവനം ചരിത്രമായി മാറുകയാണ്.

തിരക്കൊഴിഞ്ഞ വഴികൾ..ആളൊഴിഞ്ഞ വീടുകൾ
മലയാളിക്ക് കേട്ടുകേൾവി പോലുമില്ലാത്ത രോഗം ആദ്യഘട്ടത്തിൽ ഉയർത്തിയ വെല്ലുവിളികൾ ചെറുതായിരുന്നില്ല.മരണനിരക്ക് ഏറ്റവും കൂടുതലുള്ള രോഗം,പിടിപെട്ടാൽ ഹൃദയത്തെയും തലച്ചോറിനെയും തകർക്കുന്ന നിപ.റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ 17 പേരുടെ ജീവനെടുത്ത് അപകടകരമായ പ്രഹരശേഷി വ്യക്തമാക്കിയ വൈറസ്.രോഗബാധയെ തുടർന്നുള്ള ഭീതിയിൽ വീടും നാടും ഉപേക്ഷിച്ചു പോയവർ,പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം പടരുന്നതെന്ന കണ്ടെത്തലിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയും ഭീതിയും.

ആദ്യ റിപ്പോർട്ട്

2018 മെയ് രണ്ടാം തീയതി പേരാമ്പ്ര താലൂക്ക് സർക്കാർ ആശുപത്രിയിൽ കടുത്ത പനി ബാധിച്ച് അവശനായി എത്തിയ സാബിത് ആണ് നിപ ബാധിച്ച വ്യക്തിയെന്ന് പഠനങ്ങൾ തെളിയിക്കുമ്പോഴേക്കും പത്തോളം പേർ മരണമടഞ്ഞിരുന്നു.ഒപി വിഭാഗത്തിൽ മരുന്ന് വാങ്ങി മടങ്ങിയ സാബിത് തൊട്ടടുത്ത ദിവസം ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിൽസക്ക് വിധേയനായെങ്കിലും മരിച്ചു.മസ്തിഷ്‌ക ജ്വരത്തിന്റെയും ജപ്പാൻ ജ്വരത്തിന്റെയും സമാനമായ ലക്ഷണങ്ങൾ കണ്ടെങ്കിലും വിദഗ്ധ പരിശോധനയിൽ രോഗവാഹിയായ വൈറസിനെക്കുറിച്ച് സംശയമുയർന്നപ്പോളെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച സർക്കാർ സംവിധാനങ്ങൾ രോഗം എന്തെന്ന് അറിയുന്നതിനും മുൻപെ പ്രാഥമിക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

സ്ഥിരീകരണം

സാബിതിന്റെ സഹോദരൻ സാലിഹ് സമാനമായ ലക്ഷണങ്ങളോടെ രണ്ടാഴ്ചക്ക് ശേഷം ചികിൽസക്കായി എത്തിയത് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ.ക്രിട്ടിക്കൽ കെയർ മെഡിസിൻ മേധാവി ഡോക്ടർ എ.എസ്.അനൂപ്കുമാറിന്റെ മുൻപിലെത്തിയ രോഗിയെ എല്ലാ ചികിൽസകളും കൊടുത്തിട്ടും രക്ഷിക്കാനാകാഞ്ഞതോടെ രോഗത്തിന് പിന്നിൽ വൈറസ് നിപയാണൊ എന്ന സംശയ ദുരീകരണത്തിന് മണിപാൽ വൈറസ് റിസർച് സെന്ററിന്റെ സഹായം തേടുന്നു.പോസിറ്റീവ് റിപ്പോർട്ട് തിരികെ വന്നെങ്കിലും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരീകരണമെത്തുന്നത് മെയ് 20ന്.വില്ലൻ നിപ വൈറസ് തന്നെ.പക്ഷെ അപ്പോളേക്കും ഉണർന്നു പ്രവർത്തിച്ചുകഴിഞ്ഞ ആരോഗ്യ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്തു.മരിച്ച സാബിതിന്റെ രക്ത സാമ്പിളുകൾ എടുക്കാൻ സാധിച്ചില്ലെങ്കിലും ആദ്യം രോഗം ബാധിച്ച വ്യക്തി എന്ന് തിരിച്ചറിഞ്ഞുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് വൈറസ് പടരാതെ തടഞ്ഞുനിർത്തിയത്.നിപയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയായിൽ ഉൾപ്പെടെ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് സ്വീകരിച്ച നടപടി ക്രമങ്ങളും മാതൃകയായിരുന്നു.

   

പ്രതിരോധം

ആദ്യ മരണം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീയുടെ നേതൃത്വത്തിൽ രോഗബാധ സംശയിച്ച വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും നടത്തിയ ആരോഗ്യവകുപ്പ് പിന്നീട് നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് നിപയെ പിടിച്ചുകെട്ടിയത്.സാബിതും സഹോദരനും പിതാവും ഉൾപ്പെടെ നാല് പേർ മരിച്ച വീടിന് ചുറ്റുമുള്ളവരെ ഉൾപ്പെടെ സമ്പർക്കം പുലർത്താൻ സാധ്യതയുണ്ടായിരുന്ന എല്ലാവരുടെയും പട്ടിക തയ്യാറാക്കി.സാബിത് ചികിൽസ തേടി എത്തിയ പേരാമ്പ്ര താലൂക്ക് ആശുപത്രി,കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെല്ലാം അന്നേ ദിവസം ഉണ്ടായിരുന്നവരിൽ സാധ്യമായ 3000 പേരെ കണ്ടെത്തി പ്രത്യേകം മാറ്റിപാർപ്പിച്ചു.ഇതിനായി പോലീസും റവന്യൂ പഞ്ചായത്ത് ജീവനക്കാരും സന്നദ്ധസംഘടനാ പ്രവർത്തകരും കൈകോർത്തു നിന്നു.കണ്ടെത്തിയ എല്ലാവരെയും നിപവൈറസ് ടെസ്റ്റിന് വിധേയമാക്കി.ആരോഗ്യമന്ത്രി കെ.കെ.ഷൈലജ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.രാജേന്ദ്രൻ കമ്യൂണിറ്റി മെഡിസിനിലെയും ക്രിട്ടിക്കൽ കെയറിലെയും വിദദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ രോഗികൾക്കായി പ്രത്യേക ഐസോലേഷൻ വാർഡ് പ്രവർത്തിച്ചു തുടങ്ങി.

അതിജീവനം

വൈറസ് ബാധ ഉണ്ടാവാതിരിക്കാൻ മുഖാവരണം ഉൾപ്പെടെ ശരീരം മുഴുവനും മൂടിയ വസ്ത്രങ്ങളണിഞ്ഞ് ആരോഗ്യപ്രവർത്തകർ.വീടും കുടുംബവും ഉപേക്ഷിച്ച് ആശുപത്രിയിൽ തന്നെ കഴിച്ചുകൂട്ടിയ മണിക്കൂറുകൾ.വൈറസ് ബാധയെതുടർന്ന് മരിച്ചവരുടെ വസ്ത്രങ്ങൾ പോലും കത്തിച്ചുകളയേണ്ട ഗുരുതര സാഹചര്യം.മരണമുഖത്ത് ചിരിച്ചു നിന്ന് നിശ്ചിത ഇടവേളകളിൽ ആശുപത്രി ഭിത്തികൾ പോലും അണുവിമുക്തമാക്കാൻ ഓടി നടന്ന ശുചീകരണ തൊഴിലാളികൾ.നിപ ബാധിതനെ ചികിൽസിക്കുന്നതിനിടെ രോഗബാധയേറ്റ് മരണത്തെ വരിച്ച ലിനി പുതുശേരി.സഹപ്രവർത്തക മരിച്ചിട്ടും പതറാതെ കർത്തവ്യ നിരതരായ ആരോഗ്യപ്രവർത്തകർ.കോഴിക്കോട് മെഡിക്കൽ കോളേജ്,മഞ്ചേരി മെഡിക്കൽ കോളേജ്,നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാർ എന്നിവർ ഓരോ മണിക്കൂറിലും നടത്തിയ വിലയിരുത്തലുകൾ.ജനസംഖ്യാ അനുപാതത്തിൽ രാജ്യത്ത് മൂന്നാമത് നിൽക്കുന്ന ഒരു സംസ്ഥാനത്തെ തകർത്തുകളയുമായിരുന്ന വിനാശകാരിയായ വൈറസിനെ ഐസോലേഷൻ വാർഡിന്റെ നാല് ഭിത്തിക്കുള്ളിൽ തളച്ചിട്ട് അതിജീവനത്തിന്റെ പുതിയ കഥപറയുകയായിരുന്നു കേരളം.രോഗം ബാധിച്ചിട്ടും പതറാതെ പൊരുതി നിന്ന് ചിരിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന രണ്ടുപേർ ഇന്ന് ലോകത്തിന് മുൻപിൽ കേരളത്തിന്റെ മുഖമാണ്.പൊതു ജനാരോഗ്യ രംഗത്ത് രാജ്യത്തിന് മുന്നിൽ തിളങ്ങി നിൽക്കുന്ന കേരള മോഡൽ.LEAVE A REPLY

Please enter your comment!
Please enter your name here