കോഴിക്കോട് ഫറൂക്ക് കോളേജിനെതിരെ ആസൂത്രിത നീക്കമെന്ന് മാനേജ്മെന്റും അധ്യാപകരും ഒരു വിഭാഗം വിദ്യാര്‍ത്ഥികളും. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കോളേജിന്റെ സല്‍പ്പേര് നശിപ്പിക്കുകയാണ് ശത്രുപക്ഷത്തു നില്ക്കുന്നവരുടെ ലക്ഷ്യം .ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഇരുന്നതിന്റെ പേരില്‍ ഒന്‍പത് കുട്ടികളെ സസ്പെന്‍ഡ് ചെയ്തു എന്ന വാര്‍ത്ത തെറ്റാണ് .150ഓളം കുട്ടികള്‍ മലയാളം ക്ലാസ്സില്‍ ഒന്നിച്ചിരുന്നപ്പോള്‍ സ്ഥലം കുറവായതിനാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഇരിക്കാതെ രണ്ടു വശങ്ങളിലായി ഇരിക്കാന്‍ അധ്യാപകന് നിര്‍ദ്ദേശിക്കുകയായിരുന്നു .ഇക്കാര്യം അനുസരിക്കാത്ത കുട്ടികളാണ് കോളേജിനെതിരെ തിരിഞ്ഞത് .രക്ഷകര്‍ത്താക്കളുമായി ഡിപാര്‍ട്ട്മെന്റ് തലവനെ കണ്ടിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നാണ് പ്രിന്‍സിപ്പാള്‍ ഈ. പി ഇമ്പിച്ചിക്കോയ പ്രശ്നക്കാരായ കുട്ടികളോട് നിര്‍ദ്ദേശിച്ചത് .രക്ഷകര്‍ത്താക്കളെ അറിയിക്കുന്നതിനു പകരം മാധ്യമങ്ങളെ അറിയിച്ചു കോളേജിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ശത്രുക്കളുടെ ചട്ടുകമായി മാറിയ കുട്ടികള്‍ ചെയ്തത് .നല്ല ഉദ്ദേശത്തില്‍ പ്രവര്‍ത്തിച്ച അധ്യാപകനെ വ്യക്തിഹത്യ ചെയ്യുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത് .സ്റ്റാഫ് കൗണ്‍സില്‍ ,അധ്യാപക രക്ഷകതൃ സമിതി യോഗങ്ങള്‍ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോട് ഫറൂക്ക് കോളേജിനെതിരെ നടക്കുന്ന കുത്സിത ശ്രമങ്ങളെ അപലപിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു .ക്ലാസ്സില്‍ കയറാതിരുന്ന 9 കുട്ടികളില്‍ 5 കുട്ടികള്‍ രക്ഷകര്ത്താക്കളുമയെത്തി പ്രിന്‍സിപ്പലിനെ കണ്ടു പ്രശ്നങ്ങള്‍ പരിഹരിച്ചതായി സ്കൂള്‍ അധികൃതര്‍ മേഘദൂത് ന്യുസിനെ അറിയിച്ചു .
ഇക്കാര്യത്തില്‍ യാസ്മീന് എന്ന സോഷ്യോളജി വിദ്യാര്‍ഥിനിയുടെ പ്രതികരണം ചുവടെ ചേര്‍ക്കുന്നു :- കഴിഞ്ഞ കുറെ മാസങ്ങളായി ചില ഓണ്‍ലൈൻ മീഡിയകൾ കേന്ദ്രീകരിച്ചു ഞാനടക്കമുള്ളവരെ ഏതാണ്ട് 3000 ത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഫാറൂക്ക് കോളേജ് എന്ന ദക്ഷിണേന്ധ്യയിലെ അലിഗറിനെ കുറിച്ച് വ്യജമായി പലതും എഴുതി വിടുകയാണ് ചില ഓണ്‍ലൈൻ തലതെറിച്ച ചിന്തക്കാർ ..ഇവര്‍ക്ക് എന്തിന്റെ കേടാണ് എന്നറിഞ്ഞൂടാ .കോളേജിലെ ചില സാമൂഹ്യ വിരുദ്ധ ചിന്തയുള്ളവരുടെ റിപ്പോർട്ടുകൾ അതേപടി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത് ഞങ്ങളെ കോളേജിൽ ആണും പെണ്ണും ഒരുമിചിരുന്നൂടാ , സിനിമക്ക് പൊയ്ക്കൂടാ , അധ്യാപകര്‍ കുട്ടികളോട് കണ്ണുരുട്ടുന്നു ആണും പെണ്ണും സംസാരിച്ചാൽ രക്ഷിതാവിനെ വിളിപ്പിക്കുന്നു വൈകീട്ട് കോളേജ് കഴിഞ്ഞാൽ എല്ലാവരും ഹോസ്റ്റലിൽ പോകണം ,ക്ലാസ്സിൽ വെവ്വേറെ സീറ്റുകൾ അങ്ങനെ ഇവർ എന്തൊക്കെയോ എഴുതി വിടുകയാണ് . പോരാത്തതിന് ഫാറൂക്ക് കോളേജ് താലിബാൻ ക്യാമ്പസ് ആണ് പോലും ..ഫറൂകിലെ മൂന്നാം വർഷ വിദ്യാർഥിനി എന്ന നിലയിൽ ആണ്‍കുട്ടികളോട് മാന്യമായി ഇടപെടാനും അതുപോലെ ഒരു പെണ്‍കുട്ടി എന്ന രീതിയിൽ അവളുടെ സുരക്ഷയെ മുൻനിർത്തി എല്ലാ സ്വാതന്ത്രിയവും അനുഭവിക്കുന്നതിനും ഇതുവരെ ഞാനറിയുന്ന ആരെയും അധികാരികൾ എവിടെയും തടഞ്ഞതായി അറിവില്ല .. ഞങ്ങളെ പോലുള്ള വിദ്യാർത്ഥികൾക്ക് ഇതൊക്കെ വായിക്കുമ്പോൾ തന്നെ ചിരിയാണ് പലപ്പോഴും ഒറ്റനോട്ടത്തിൽ തോന്നാറ് .കാരണം ഇതിൽ പറയുന്ന പലതും ഒരു വിദ്യാർഥിനി എന്ന രീതിയിൽ ഞങ്ങളുടെ നന്മ ഉദ്ദേശിചാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാൻ കഴിയും ..അതുകൊണ്ട് തന്നെയാണ് കേരളത്തിൽ ഏതൊരു കോളെജിനെക്കാളും നൂറു ശതമാനം ഓരോ രക്ഷിതാവും ഈ വലിയ ക്യാംബസിലെക്ക് നല്ല ആത്മവിശ്വാസത്തോടെ പേടിയില്ലാതെ കുട്ടികളെ അയക്കാൻ കഴിയുന്നതും ..ഒരു വിദ്യാർത്ഥിനി എന്ന രീതിയിൽ കോളേജിന് എതിരെ ഇല്ലാക്കഥകൾ കേവലം ഒരു ഇന്റർനെറ്റിന്റെ ബലത്തിൽ മെനയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ കള്ളും കഞ്ചാവും ആണും പെണ്ണും ഒരുമിച്ചു പാതിരാവിൽ ഇറങ്ങി നടക്കുന്ന ഒരു തെരുവാണ് നിങ്ങൾ ഫറൂകിൽ സ്വപ്നം കാണുന്നത് എങ്കിൽ നിങ്ങൾക്ക് ഇടം തെറ്റിപോയി .
കഴിഞ്ഞ ദിവസം മലയാളം ക്ലാസ്സിൽ സംഭവിച്ചതു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതിൽ നിന്നും വ്യതസ്തമാണ്.
സാധാരണ സോഷ്യോളജി ക്ലാസ്സിലെ വിദ്യാർത്ഥികൾ ഇടകലർന്നാണിരിക്കാറുള്ളത്.മലയാളം കമ്പയിൻഡ് ക്ലാസ്സിൽ 120ഓളം കുട്ടികൾ ഉണ്ടായിരുന്നു. ആ ക്ലാസ്സിലും കുട്ടികൾ മിക്സ് ചെയ്ത് ഇരുന്നപ്പോൾ മലയാളം അധ്യാപകൻ ഇങ്ങനെ ഇരിക്കരുതെന്നു പറഞ്ഞു. സാധാരണ ഇടകലർന്നു ഇരിക്കുമ്പോൾ ആ ബെഞ്ചിൽ 3/4 കുട്ടികളേ ഉണ്ടാകാറുള്ളൂ. അന്നു മലയാളം ക്ലാസ്സിൽ കുട്ടികൾ വളരെ കൂടുതലായ സാഹചര്യതിലാണു സാർ അങ്ങനെ പറഞ്ഞതു. എന്നാൽ ചില വിദ്യാർത്ഥികൾ ലിംഗ വിവേചനം എന്നൊക്കെ പറഞ്ഞു സംഭവത്തെ മോശമാക്കുകയായിരുന്നു. പാഠങ്ങൾ പഠിക്കുന്നതിനു മുമ്പ് പഠിപ്പിക്കുന്ന അധ്യാപകനെ മാനിക്കാന്‍ എങ്കിലും വിദ്യാർത്ഥികള്‍ പഠിക്കണമായിരുന്നു. സദുദ്ധേശത്തോടെ പറഞ്ഞ അധ്യാപകന്റെ വാക്കുകളെ എഴുതാപ്പുറം വായിച്ച് വിദ്യാർത്ഥികൾ തന്നെയാണു സംഭവത്തെ വശളാക്കിയത്. ചില വിദ്യാർത്ഥികൾ സാറിന്റെ വാക്കുകളെ മാനിക്കാതിരിക്കുകയും സാറിനോട് ദേഷ്യപ്പെട്ട് സ്വമേതയാ ഇറങ്ങി പോവുകയുമായിരുന്നു. പ്രശ്നം എന്താണെന്ന് പഠിക്കാനും പരിഹാരം കാണാനും അധികാരികള്‍ക്ക് അവസരം പോലും നൽകാതെ നേരെ മീഡിയകളെ വിവരമറിയിക്കുകയും, സോഷ്യൽ മീഡിയകളിൽ വൈറൽ ആക്കുകയുമായിരുന്നു വിദ്യാർത്ഥികൾ ചെയ്തത്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെയും, അറിയാത്ത പോലെ നടിക്കുകയും ചെയ്തു ഇപ്പോൾ മിഡിയകളിൽ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തകൾ ആണ്.
മിനഫെര് എന്ന ഒന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയുടെ പ്രതികരണം :- ഫറൂഖ് കോളേജിന്റെ ചരിത്രവും ഓര്‍മകളും പേറി വര്‍ഷങ്ങളായി രാജാ ഗേറ്റ് കോളേജിന്റെ പൂമുഖത്തുണ്ട്..അന്നു മുതല്‍ കാലമിന്നോളം പുറത്തിറങ്ങിയ ഓരോ കോളേജ് മാഗസിനുകളും പ്രിയപ്പെട്ട രാജാവിനു വേണ്ടി താളുകള്‍ മാറ്റി വെച്ചിരുന്നു..അതിലൊന്നും ഒരിക്കല്‍ പോലും കാണാത്ത വിധം രാജാ ഗേറ്റിന് താലിബാന്റെ മുഖവും അകത്തിരിക്കുന്ന കോളേജ് അധികാരിക്ക് മുല്ലാ ഉമറിന്റെ രൂപവും കൈവരുന്നത് കേവലം യാദൃശ്ചികതയാണെന്ന് കരുതാന്‍ വയ്യ. നോണ്‍-വെജിറ്റേറിയന്‍ നോ എന്‍ട്രി പറയുന്ന കാന്റീനുകളും എല്ലാ വിദ്യാര്‍ത്ഥികളും ക്രിസ്തു പ്രതിമക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കേണ്ടുന്ന ക്യാംപസുകളും നമുക്ക് ചുറ്റും ഉണ്ടെന്നിരിക്കെയാണ് അവിടെ കാണാത്ത ഫാസിസവും മതമൗലിക വാദവും ഫറൂഖ് കോളേജ് കാന്റീനിലും ക്യാംപസിലും ഉണ്ടെന്ന് നവ ലിബറല്‍ പുരോഗമന ചിന്താഗതിക്കാരും മാധ്യമങ്ങളും ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത്..
മാറി വരുന്ന ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ സാഹചര്യങ്ങളും പൊടുന്നനേ ഉണ്ടായ ഇത്തരം താലിബാന് പ്രയോഗങ്ങളും ചേര്‍ത്ത് വായിക്കേണ്ടതില്ലേ..?(അത് ഉപയോഗിക്കുന്നത് ആരായാലും ശരി)..ഫാസിസ്റ്റ് ബാലന്‍സിംഗിനു വേണ്ടി ഫറൂഖിനെ ഉപയോഗിക്കുന്നവരുടെ ‘കര്‍മ’ പദ്ധതികള്‍ക്ക് മതേതരത്വം വാദിക്കുന്ന ആളുകള്‍ പോലും ചൂട്ടു പിടിക്കുന്നത് അപകടകരമായ ആശയങ്ങള്‍ ഒത്തുചേരുന്നതിന്റെ അശുഭ ലക്ഷണങ്ങളാണ് വിളിച്ചു പറയുന്നത്..
രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ-കലാ-കായിക-സാംസ്കാരിക മണ്ഡലങ്ങളിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ക്യാംപസ് 1948-ല്‍ നിലവില്‍ വന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്..ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്കി സ്ഥാപിതമായ സ്ഥാപനത്തില്‍ ഇന്ന് 85% ന് മുകളില്‍ പെണ്‍കുട്ടികളാണ് പഠിക്കുന്നത്..
ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുളള ക്യാംപസ് ഫറൂഖിന്റേതാണെന്ന് പറയാം..ദേശീയ അന്തര്‍ ദേശീയ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, ജനാധിപത്യ പരമായി നീങ്ങുന്ന തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍, മര്‍മ പ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രിന്‍സിപ്പല്‍ വിളിച്ചു ചേര്‍ക്കുന്ന ‘ഓള് പാര്‍ട്ടി മീറ്റിങ്ങുകള്‍’, വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് സംവദിക്കാനുളള ഇടങ്ങള്‍ ഒരുക്കുന്ന വിദ്യാര്‍ത്ഥി യൂണിയന് തുടങ്ങിയവ ഫറൂഖിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ പറ്റാത്ത വിധം ശക്തമാക്കുന്നു..ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടനക്കും നിര്‍ഭയം പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ഉളള സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടത് കോളേജ് വെച്ചു പുലര്‍ത്തുന്ന ധാര്‍മികതയുടെയും ആരോഗ്യ പരമായ നിയന്ത്രണങ്ങളുടെയും ഫലമാണ്.
ഈ കഴിഞ്ഞ 19 ന് വിദ്യാര്‍ത്ഥി യൂണിയന് സംഘടിപ്പിച്ച ‘ROOTS OF FASCISM’ എന്ന തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ഭയം സംസാരിച്ച വ്യക്തികള്‍ തന്നെ യാതൊരു സ്വാതന്ത്ര്യവും ഇവിടെ ഇല്ല എന്ന് മീഡിയയോട് പറയുന്നതിലെ വൈരുദ്ധ്യത നാം കാണാതിരുന്നു കൂട..ഈ ചര്‍ച്ചയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇട കലര്ന്നായിരുന്നില്ലേ ഇരുന്നത്?
രണ്ടര വര്‍ഷമായി ഞാനും ഫറൂഖ് കോളേജിലാണ് പഠിക്കുന്നത്..85%ന് മുകളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന ക്യാംപസില്‍ ആണ് -പെണ് സൗഹൃദങ്ങള്‍ക്ക് വ്യക്തമായ മാനങ്ങളുണ്ട്..തന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിനി കൊണ്ടുവരുന്ന ചോറ്റു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാനും ഒരുമിച്ചിരുന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കാനും തമാശകള്‍ പങ്കിടാനും ഉളള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികളില്‍ ഒരുവനായി അനുഭവിക്കാനും കാണുവാനും അവസരം ലഭിച്ചിട്ടുണ്ട്..ആണ് കുട്ടികളും പെണ്‍കുട്ടികളും കൂടിയിരിക്കുന്ന AUDIO-VISUAL THEATRE ഉം സ്വയംവര പന്തലും ഒക്കെ എന്റെ അറിവില്‍ ഈ ക്യാംപസില്‍ തന്നെയാണ്..ക്ലാസുകളില്‍ ഒരുമിച്ചിരുന്നല്ലേ നാം അറിവു നുകരാറുളളത്..മൈതാനത്ത് ഒരുമിച്ചിരുന്നത് നാം കളിയാസ്വദിക്കാറില്ലേ..സുന്ദരമായ ആണ്-പെണ് സൗഹൃദങ്ങള്‍ ഫാറൂഖില്‍ ഇല്ലായിരുന്നുവെങ്ങില്‍ സ്വയംവര പ്പന്തല്‍ എന്ന പേരില്‍ കുളിരുളള ആ തണലും ‘പുഞ്ചിരി വളവെന്ന്’ വിളിക്കുന്ന ഓര്‍മകള്‍ പുഞ്ചിരിക്കുന്ന ആ കോണും ഈ ക്യാംപസില്‍ പിറക്കുമായിരുന്നില്ല..NSS ക്യാംപുകള്‍,കലോത്സവങ്ങള്‍,കോളേജ് ഡേ,സ്പോര്‍ട്സ് ഡേ ഇവിടെയൊക്കെ ഒരുമിച്ച് കളിക്കുകയും ചിരിക്കുകയും പരസ്പരം മത്സരിക്കുകയും ചെയ്യാറില്ലേ നമ്മള്..
പിന്നെ നമ്മള് മുറുകെ പിടിക്കുമെന്ന് പറയുന്ന ഫറൂഖിന്റെ സംസ്കാരം എന്താണെന്ന് ചോദിക്കുന്നവരോട്, ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഒരു മതവിഭാഗത്തില്‍ പെട്ടവരാണ് എന്നിരിക്കെത്തന്നെ തട്ടമിടുന്നതും പര്‍ദ ധരിക്കുന്നതും ആ ഒരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പഠിപ്പിക്കുന്നതോടൊപ്പം കൂടെ പഠിക്കുന്നവന് പൊട്ടു തൊടുന്നതും കൊന്തയിടുന്നതും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ മാനിക്കണമെന്ന് കൂടി പഠിപ്പിച്ചിടത്തും പൊട്ടു തൊട്ടതിന്റെ പേരിലോ മത വിശ്വാസം കാത്തുസൂക്ഷിച്ചതിന്റെ പേരിലോ ഒരു മത വിശ്വാസിയും ക്രൂശിക്കപ്പെട്ടിട്ടില്ല എന്നിടത്തും പര്ദയൂരാന് പറയുന്നതും ദൈവത്തെ ഇകഴ്ത്തി പ്പറയുന്നതും പൊട്ടു തൊടാന്‍ പറയുന്നതും അല്ല മതേതരത്വം എന്ന് പഠിപ്പിക്കുന്നിടത്തുമാണ് ഫാറൂഖിന്റെ സംസ്കാരം കുടികൊളളുന്നത്..അതുകൊണ്ടാണ് ഹൈന്ദവ വിശ്വാസിയായ ഹോസ്റ്റല്‍ മേട്രന് ഫറൂഖ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുറയിലിരുന്ന് ഈശ്വര മന്ത്രങ്ങള്‍ നിര്‍ഭയം ഉരുവിടുന്നത്.. അതുകൊണ്ടാണ് മതാധിഷ്ടിതമായ പ്രാര്‍ത്ഥനക്ക് പകരം രാവിലെ എല്ലാ വിശ്വാസങ്ങളും ഉള്‍ക്കൊളളുന്ന പ്രാര്‍ത്ഥന ഇവിടെ മുഴങ്ങിക്കേള്‍ക്കാറുള്ളത്.തട്ടമിടാനും ഇടാതിരിക്കാനുമുളള സ്വാതന്ത്ര്യം വകവെച്ച് നല്‍കുന്നുണ്ട്.എന്നാല്‍ തട്ടമിടുന്നതിനെ കൂടെയുളള സഹപാഠി തന്നെ പരിഹസിക്കുന്ന ഭാഷ ഏതായാലും ഫറൂഖ് കോളേജ് പഠിപ്പിച്ച ഭാഷ അല്ല.അത്തരം ഭാഷകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്!
120-ഓളം കുട്ടികളുളള മലയാളം ക്ലാസിന്റെ സുഗമമായ മുന്നോട്ട് പോക്കിന് ഇടകലര്‍ന്നിരുന്ന പത്തോളം വിദ്യാര്‍ത്ഥികളോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ”ലിംഗ സമത്വം” പോലുളള വാദങ്ങള്‍ മുന്നോട്ട് വെക്കുകയും അധ്യാപകന്റെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇറങ്ങി പ്പോകുകയും ചെയ്തു. ഇതാണ് ക്ലാസില്‍ നിന്ന് പുറത്താക്കി എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ ഏറ്റ് പിടിച്ചത്.പുറത്താക്കലും ഇറങ്ങിപ്പോകലും തമ്മിലുളള വലിയ അന്തരത്തെ കാണാതെ പോകരുത്.അധ്യാപകന് ക്ലാസില്‍ നിന്ന് പുറത്താക്കി എന്ന് നുണ പ്രചരണം നടത്തുകയും പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു എന്ന് തെറ്റായ വാര്‍ത്ത നല്‍കുകയും ചെയ്തവര്‍ പൊതു മാപ്പ് പറയേണ്ടതാണ്.യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലം പാലിച്ച് ഇത്തരം വാര്‍ത്തകള്‍ അക്കാദമിക്-നോണ്‍-അക്കാദമിക് രംഗങ്ങളില്‍ വര്‍ഷങ്ങളോളം മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനല്ലാതെ മറ്റെന്തിനൊണ്.ബി.ജെ.പി. ദേശീയ നേതാവിന് ഫറൂഖ് കോളേജിലെ ഈ പ്രശ്നം ഒരു ദേശീയ പ്രശ്നമായി തോന്നുന്നതിന് അറിഞ്ഞുകൊണ്ടോ അറിയാതെയൊ ഇക്കൂട്ടര്‍ വഴിവെച്ചു കൊടുത്തിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഇവരുടെ പോസ്റ്റുകള്‍ക്ക് സംഘ് പരിവാര്‍ ഭാഷയില്‍ വരുന്ന കമന്റുകകളും വല്ലാത്ത ആശങ്കയാണ് മുന്നോട്ട് വെക്കുന്നത്.ഫറൂഖ് കോളേജില്‍ അഡ്മിഷന് ശരിപ്പെടുത്തിയതിന് അച്ഛന്റെ മുഖത്ത് നോക്കി പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ ട്രോള്‍ കണ്ടു സോഷ്യല്‍ മീഡിയയില്‍..സ്രഷ്ടാവ് ആരെന്നറിയില്ല..അദ്ദേഹത്തിനോടായി പറയട്ടെ..92% മാര്‍ക്ക് ഉണ്ടായിട്ട് പോലും ഫറൂഖ് കോളേജില്‍ അഡ്മിഷന് ലഭിക്കാത്തതിന്റെ പേരില്‍ പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥിനിയെ ഞാന്‍ കണ്ടിട്ടുണ്ട്.2014-15 അധ്യയന വര്‍ഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ 50 ശതമാനത്തിന് മുകളില്‍ വരുന്നവര്‍ ഒന്നാം ഓപ്ഷനായി ഫറൂഖ് കോളേജിനെ തിരഞ്ഞെടുക്കാന്‍ കാരണം അവരുടെ തൊട്ടടുത്ത ക്യാംപസായതു കൊണ്ടോ കേരളത്തില്‍ വേറെ കോളേജുകള്‍ ഇല്ലാത്തതു കൊണ്ടോ അല്ല. മറിച്ച് ഫാറൂഖ് കോളേജ് നല്കുന്ന (പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്) സുരക്ഷിതത്വ ബോധവും സംരക്ഷണവും അക്കാദമിക നിലവാരവും ആണ്..
കേരളത്തില്‍ ഒരു ക്യാംപസിലും ഇല്ലാത്ത വിധം ശക്തമാണ് ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സൗഹൃദ കൂട്ടായ്മ (FOSA)..Fostalgia എന്ന് വിളിക്കപ്പെടുന്ന ഈ കൂട്ടായ്മയില്‍ പഴയ കാല സൗഹൃങ്ങളും പ്രണയങ്ങളും നിറഞ്ഞ ആണ്-പെണ് ബന്ധങ്ങളും നാം കാണാറുളളതാണ്.. പ്രിയ സഖാവ് ഐസക് …താങ്കള്‍ ഉദ്ദേശിച്ച ഫാറൂഖ് കോളേജ് അബുസ്സബാഹും സീതിസാഹിബുമൊക്കെ കെട്ടിപ്പടുത്ത മലബാറിന്റെ വെെജഞാനിക കേന്ദ്രത്തെക്കുറിച്ചാണെങ്കില് താങ്കള്‍ക്ക് തെററിപ്പോയ അല്ലെങ്കില്‍ പറഞ്ഞു തന്നവരോട് ഒരാവര്‍ത്തികൂടി ചോദിച്ച് ഉറപ്പിക്കണം…
ആരെയും ഇവിടെ പുറത്താക്കുകയോ സസ്പെന്റ് ചെയ്യുകയോ ചെയ്തിട്ടില്ല.സംഘഗാനത്തിന് ആണും പെണ്ണും ഒരുമിച്ച് തന്നെയാണ് മത്സരിക്കാന്‍ പോവാറുള്ളത്..ഫാറൂഖിന്റെ മൂക്ക് നീണ്ടിട്ടൊന്നുമില്ല സാറേ…ചോര പൊടിയുന്നുണ്ടോ എന്ന് വന്ന് കുത്തി നോക്കാന്‍ മാത്രം.”കാള പെറ്റു എന്ന് കേട്ടയുടനെ കയറെടുക്കുകയായിരുന്നു ” ചില മാധ്യമങ്ങള്‍.
Your email address will not be published. Required fields are marked *
Powered By Team Mekhadooth. Designed By DSG