അതിജീവനത്തിനായി……. കൈകോര്‍ക്കാം നമ്മുക്കൊന്നായ്

    ആരും മാറി നില്‍ക്കരുത്. എല്ലാവരും പങ്കാളികളാകണം. പ്രളയം കേരളത്തെ പിടിച്ചുലച്ചപ്പോള്‍ എല്ലാം മറന്നൊന്നായി സ്വയരക്ഷയെ ചിന്തിക്കാതെ സഹോദരങ്ങളെ രക്ഷിക്കാന്‍ നമ്മള്‍ മലയാളികള്‍ കൈകോര്‍ത്തു. നമ്മുടെ സൈന്യവും പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നായി നിന്ന് ദുരന്തത്തെ നേരിട്ടു.

എംഎല്‍എമാര്‍ സ്വന്തം ജനതയെ രക്ഷിക്കാന്‍ എല്ലാം മറന്ന് കൈകോര്‍ത്തു. പ്രളയത്തിന്റെ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സൈന്യത്തിനും പോലീസും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും തുണയായി തങ്ങളുടെ സ്വന്തം വള്ളങ്ങളുമായി കടലിന്റെ മക്കളുമെത്തി. നിരവധി ജീവനുകളെ രക്ഷപ്പെടുത്തി കടലിന്റെ മക്കള്‍ അവരുടെ കരങ്ങള്‍ ദൈവത്തിന്റെ കരളായി.

പ്രളയത്തിലകപ്പെട്ട നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ജൈസല്‍ എന്ന മത്സ്യത്തൊഴിലാളി സ്വന്തം മുതുക് ചവിട്ടി പടിയാക്കി നന്മ മലയാളത്തിന്റെ മേന്മ ലോകത്തെ അറിയിച്ചു. മാധ്യമങ്ങള്‍ 24 മണിക്കൂറും വിവരങ്ങള്‍ ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും നല്‍കി ദുരന്തമുഖത്തെ പ്രധാന പങ്കാളിയായി. ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും തത്സമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളും സന്ദേശങ്ങളുമെത്തിക്കുന്നതിനു സഹായിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യ വസ്തുകളും എത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മത്സരിച്ചു. ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രവും മരുന്നുകളും നമ്മുടെ നന്മ മനസ്സുപോലെ കുന്നുകൂടി.

പ്രളയമെത്തിയപ്പോഴും പ്രളയത്തെ അതിജീവിച്ചപ്പോഴും മലയാളികള്‍ രാഷ്ട്രീയം നോക്കിയില്ല. മതം നോക്കിയില്ല, ജാതി നോക്കിയില്ല ഭേദ ചിന്തകളൊന്നുമുണ്ടായില്ല. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള ജാതി മത ചിന്തയല്ലാതെ മലയാളികള്‍ക്ക് ഒരു മനസ്സാണ് ഒരു ചിന്തയാണ് എന്ന് നാം തെളിയിച്ചു. വ്യത്യസ്തമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവയെ അവഗണിക്കാവുന്നതേയുള്ളു. നമ്മെ സഹായിക്കാന്‍ കൈ നീട്ടുമ്പോള്‍ നമ്മുടെ ഒരുമ നഷ്ടപ്പെടാതെ നമ്മുക്ക് കൈകോര്‍ക്കാം.
Image result for relief kerala

കുറഞ്ഞത് 60,000 കോടി രൂപയെങ്കിലും പുതിയൊരു കേരള സൃഷ്ടിക്കായി വേണ്ടി വരുമെന്നാണ് ആദ്യവട്ട കണക്കെടുപ്പില്‍ വ്യക്തമാകുന്നത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപി മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തൊഴില്‍ സുരക്ഷയില്ലാത്ത അസംഘടിത മേഖലയിലെ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍…. എന്നു വേണ്ട സമസ്ത മേഖലയിലുള്ളവരും കേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്.

   

വ്യവസായ പ്രമുഖര്‍, സാംസ്‌കാരിക സിനിമാ രംഗത്തുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി. തമിഴ്, തെലുങ്ക്, കന്നട സിനിമാ സൂപ്പര്‍സ്റ്റാറുകളുടെ കോടികളുടെ സംഭാവന നമ്മള്‍ മലയാളികളെ അമ്പരിപ്പിക്കുന്നതായിരുന്നു.

Image result for relief kerala flood minister pinarayi

ഓഗസ്റ്റ് 9നാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഓഗസ്റ്റ് 15, 16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധിയിലേക്ക് പണത്തിന്റെ ഒഴുക്കാണ്.

കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം മലയാളികളായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും നവകേരള നിര്‍മ്മിതിക്കായുള്ള സാലറി ചലഞ്ചില്‍ പങ്കാളികളായി മാറിയാല്‍ വലിയൊരു മുന്നേറ്റമാവും നമ്മുടെ നാടിനുണ്ടാവുക. മാതൃകാപരമായി നവകേരള സൃഷ്ടിയില്‍ പങ്കാളിയാവുന്നവരുടെ പേരും ഫോട്ടോയും മേഘദൂത് ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

അതേ പ്രളയത്തിലാണ്ട കേരളത്തെ നമ്മള്‍ കേരളീയര്‍ വീണ്ടെടുത്ത് ഐശ്വര്യ സമ്പത്‌സമൃദ്ധമായ പുതിയ കേരളത്തെ നമ്മുടെ അടുത്ത തലമുറയ്ക്കായ് നല്‍കാന്‍ കൈകോര്‍ക്കാം.. നമ്മുക്കൊന്നായ്. കുറഞ്ഞത് 100 രൂപയെങ്കിലും തൊട്ടടുത്ത ബാങ്കിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിക്കൂ……

സെപ്റ്റംബര്‍ 20 ാം തീയിതി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1470.73 കോടി രൂപ എത്തിയിട്ടുണ്ട്. പണമായും ചെക്കുകളായും എത്തിയത് 1232.16 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്‌മെന്റായി 185.61 കോടി രൂപയും യുപിഐ, ക്യുആര്‍, വിപിഎ എന്നിവ മുഖേനെ 52.2 കോടി രൂപയും ലഭിച്ചിട്ടുണ്ട്.

 

ഇതുവരെ എത്ര രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു, എത്ര രൂപ കിട്ടി എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഏതു ബാങ്കുകള്‍ വഴിയാണ് തുകകള്‍ കൈമാറിയിട്ടുള്ളതെന്നും കൃത്യമായി തന്നെ ഈ വെബ്‌സൈറ്റിലൂടെ മനസിലാക്കാം. ഇതോടെ പുതിയ കേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുകയാണ്.

എന്ന്
മേഘദൂത് ന്യൂസ് മാനേജിംങ്ങ് ഡയറക്ടര്‍
സുനില്‍ പാറയ്ക്കല്‍LEAVE A REPLY

Please enter your comment!
Please enter your name here