നീലക്കുറിഞ്ഞി വിപ്ലവം ഏറ്റെടുത്ത്‌ മലമടക്കുകള്‍; സംസ്ഥാനത്തെ തോട്ടം മേഖലകള്‍ സമരച്ചൂടിലേക്ക്…

*നിലനില്‍പ്പിനായി നിരുപാധിക പിന്തുണ നല്‍കി തൊഴിലാളി യൂണിയനുകള്‍

   നീലക്കുറിഞ്ഞികള്‍ അങ്ങനെയാണ്..12 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം പൂക്കും പക്ഷെ അതിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ മലമടക്കുകള്‍ക്കപ്പുറത്തു നിന്നും സഞ്ചാരികള്‍ ഒഴുകി വരും.അടുത്ത ഒരു വ്യാഴവട്ടക്കാലം കോടമഞ്ഞും സൂചികുത്തുന്ന തണുപ്പും സഹിച്ച് നീലക്കുറിഞ്ഞികള്‍ മലമടക്കുകളില്‍ നില്‍ക്കും.അതിജീവനത്തിന്‍റെ സൗന്ദര്യവുമായി വീണ്ടും മലമടക്കുകളില്‍ നീലപ്പട്ടു വിരിക്കാന്‍.നീലക്കുറിഞ്ഞികളുടെ സൗന്ദര്യം നിറയുന്ന മൂന്നാര്‍ മലനിരകളില്‍ കോടമഞ്ഞ് മറച്ച ജീവിത ദുരിതങ്ങളില്‍ നിന്നും സമരച്ചൂടിലേക്ക് എടുത്തെറിയപ്പെട്ട ഒരു പറ്റം സാധാരണ ജീവിതങ്ങള്‍ മുഴക്കിയ സമരഭേരിയുടെ വിത്തുകള്‍ക്ക് അതിജീവനത്തിന്‍റെ നീലക്കുറിഞ്ഞിയുമായി താദാത്മ്യം ദര്‍ശിക്കുന്നത് സ്വാഭാവികം മാത്രം.ഭരണ സംവിധാനങ്ങളിലും കക്ഷി രാഷ്ട്രീയ നേതാക്കളിലും അദൃശ്യ നിയന്ത്രണ കരങ്ങള്‍ ഉള്ള കോര്‍പറേറ്റുകള്‍ക്ക് നേരെ ചൂണ്ടിയ വളയിട്ട കൈകള്‍ക്ക് മുന്‍പില്‍ ഭരണ ചക്രം മുട്ടുമടക്കിയപ്പോള്‍ അത് ചരിത്രത്തിന്‍റെ അനിവാര്യതയായി.

  ജീവിക്കുവാനുള്ള അവകാശത്തിനായി കൊളുന്തു നുള്ളിയ കൈകള്‍ നടത്തിയ സമരത്തിന്‍റെ ആത്യന്തിക സന്ദേശം ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു പോയ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കുള്ള മരണ മണിയാണെന്ന് മനസ്സിലാക്കിയ ഭരണകൂടം സമരം അവസാനിപ്പിക്കുന്നതിന് മുന്‍കൈ എടുത്തെങ്കിലും മൂന്നാറിലെ നീലക്കുറിഞ്ഞി വിപ്ലവത്തിന്‍റെ അതിജീവന സന്ദേശം മലമടക്കുകള്‍ ഏറ്റെടുത്തിരിക്കുന്നു.നൂറു കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള വയനാടന്‍ മല നിരകളിലും തെക്കന്‍ കേരളത്തിലും സമരത്തിന്‍റെ അലയൊലികള്‍ ഉയര്‍ന്നു കഴിഞ്ഞു. തേയിലതോട്ടങ്ങളില്‍ നിന്നും മലയോരങ്ങളിലെ തോട്ടം മേഖലകളില്‍ നരകജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികളിലേക്കും സമരം വ്യാപിച്ചതോടെ സമരച്ചൂടില്‍ സജ്ജമാവുകയാണ് കേരളം.

   

    സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം മുതല്‍ വന്‍കിട എസ്റ്റേറ്റുകളിലെല്ലാം തൊഴിലാളികള്‍ സമര രംഗത്ത് സജീവമായിരിക്കുന്നു. ഹാരിസണ്‍ ഉടമസ്ഥതയിലുള്ള വയനാട്ടിലെ നാല് എസ്റ്റേറ്റുകളിലും തൊഴിലാളി സമരത്തിന്‍റെ തീച്ചൂളയിലായി. വയനാട്ടില്‍ ഹാരിസണ്‍ പ്രഖ്യാപിച്ച നാമമാത്രമായ ബോണസ് അംഗീകരിപ്പിക്കുന്നതില്‍ ഭരണപക്ഷ യൂണിയനുകള്‍ ഉള്‍പ്പെടെ സ്വീകരിച്ച തന്ത്രപരമായ നിലപാട് സ്വയം തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് തൊഴിലാളി യൂണിയനുകളെ എത്തിച്ചതിന് പിന്നിലും മൂന്നാര്‍ സമരത്തിന്‍റെ വിജയമാണ്. മൂന്നാറില്‍ സമരം പടര്‍ന്നതിന് പിന്നാലെ ഹാരിസണ്‍ പ്രഖ്യാപിച്ച ഒന്‍പത് ശതമാനത്തില്‍ താഴെ മാത്രം വരുന്ന ബോണസ് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി തൊഴിലാളികള്‍ സംഘടിച്ചതോടെയാണ് ട്രേഡ് യൂണിയനുകള്‍ക്ക് മലക്കം മറിയേണ്ടി വന്നത്.വയനാട്ടിലെ സെന്‍റിനല്‍ റോക്ക്,ചൂണ്ടല്‍,അരപ്പറ്റ,അച്ചൂര്‍,മുപ്‌ളി എസ്റ്റേറ്റുകളിലും പാലക്കാട് നെല്ലിയാമ്പതിയിലും തൊഴിലാളികള്‍ സമരം ആരംഭിച്ചു കഴിഞ്ഞു. കൊല്ലം ജില്ലയില്‍ തെന്മല വാലിയിലും അമ്പനാട്ടിലും തൊഴിലാളികള്‍ സമരത്തിന്‍റെ  പാതയിലേക്ക് ഇറങ്ങിയതോടെ സര്‍ക്കാരും തൊഴിലാളി യൂണിയനുകളും ഒരേപോലെ ആശങ്കയിലാണ്.

   കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ തൊഴിലാളികളുടെ ആവശ്യത്തിനായി നിരുപാധികം രംഗത്തിറങ്ങുന്ന കാഴ്ചയാണ് തോട്ടം മേഖലകളില്‍ എമ്പാടും.സമരത്തിന്‍റെ അലയൊലികള്‍ അധികം കടന്നു ചെന്നിട്ടില്ലാത്ത കോട്ടയം,പത്തനംതിട്ട ജില്ലകളിലെ റബര്‍ എസ്റ്റേറ്റുകളിലും തൊഴിലാളികള്‍ അസ്വസ്ഥരാണ്.നിന്നു തിരിയാന്‍ ഇടമില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ ലയങ്ങളില്‍ ചെറിയ കൂലിയില്‍ ജീവിക്കേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് റബര്‍ മേഖലയിലെ പ്രതിന്ധിയുടെ പേരില്‍ കൂലി കൃത്യമായി കിട്ടാത്ത സാഹചര്യം കൂടിയായതോടെ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് തോട്ടം മേഖലയിലെ തൊഴിലാളികള്‍.സ്വന്തം താല്‍പര്യങ്ങള്‍ മാത്രമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് തൊഴിലാളികളിലുള്ള സ്വാധീനം അനുദിനം കുറഞ്ഞു വരുന്നതോടെ അസംതൃപ്തരായ തൊഴിലാളികള്‍ സമരത്തിനായുള്ള തയ്യാറെടുപ്പിലാണ്.നിലനില്‍പ്പിനായുള്ള സമരങ്ങള്‍ അതിജീവനത്തിന്‍റെ കഥകള്‍ പറയുമ്പോള്‍ പ്രതികൂലമായ കാലാവസ്ഥകളെ അനുദിനം പൊരുതി തോല്‍പ്പിച്ച് ഓരോ വ്യാഴവട്ടത്തിലും വിജയത്തിന്‍റെ ആയിരം പുഞ്ചിരികള്‍ വിരിക്കുന്ന നീലക്കുറിഞ്ഞിയുടെ മലമനിരകളില്‍ നിന്നും ഉയര്‍ന്നുവന്ന സമരജ്വാല സഹ്യന്‍റെ ആകാശങ്ങളില്‍ സമരത്തിന്‍റെ ആയിരം കൈകള്‍ ഉയര്‍ത്തുകയാണ്.അതിജീവനത്തിനായുള്ള ആയിരം കൈകള്‍.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here