Friday, April 19, 2024

സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയേക്കും; കേരളത്തിലേക്ക് മടങ്ങിയത് കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാനാകാതെ

Newsസുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയേക്കും; കേരളത്തിലേക്ക് മടങ്ങിയത് കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാനാകാതെ

കുഴല്‍പ്പണ, കോഴ വിവാദങ്ങളില്‍ ആരോപണം നേരിടുന്ന കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും ഉടന്‍ മാറ്റിയേക്കുമെന്ന് സൂചന. സുരേന്ദ്രനെതിരായി സംസ്ഥാനനേതാക്കള്‍ ശക്തമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ നീക്കാന്‍ സാധ്യതയേറുന്നത്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പിക്കാനാകാതെയാണ് നാല് ദിവസം ദില്ലിയില്‍ തമ്പടിച്ച ശേഷം സുരേന്ദ്രന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും.

സുരേന്ദ്രനെ ദേശീയ തലത്തിലെ പ്രധാനപ്പെട്ട ചുമതലയിലേതെങ്കിലും ഏല്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിന് പണം നല്‍കിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രസീത പുറത്തുവിട്ടതും സുരേന്ദ്രനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെതിരെ മുരളീധരന്‍വിരുദ്ധ വിഭാഗം ശക്തമായി രംഗത്തെത്തിയ സാഹചര്യത്തില്‍ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രനേതൃത്വവും നിര്‍ബന്ധിതരാകുകയാണ്.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം വിളിച്ചത് നേതാക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നത് ചില നേതാക്കളില്‍ അതൃപ്തിയുണ്ടാക്കി.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജെപി നദ്ദ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം കിട്ടിയിട്ടും കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെ, കള്ളക്കേസുകള്‍ക്കെതിരെ, ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നായിരുന്നു നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന്‍ പ്രതികരിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles