Friday, March 29, 2024

ഐപിഎൽ 14ആം സീസൺ ഇന്നുമുതൽ……മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും

ENTERTAINMENTഐപിഎൽ 14ആം സീസൺ ഇന്നുമുതൽ……മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും

ഐപിഎൽ 14ആം സീസൺ ഇന്നുമുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യൻ നായകനും ഉപനായകനുമാണ് ആദ്യ കളിയിൽ കൊമ്പുകോർക്കുന്നത്. കോർ ടീമിനെ നിലനിർത്തി ശക്തരായ സ്ക്വാഡുമായി ഇറങ്ങുന്ന മുംബൈയും ലേലത്തിൽ ഉയർന്ന തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ആർസിബിയും തയ്യാറായിക്കഴിഞ്ഞു. ആദ്യ മത്സരങ്ങളിൽ തോറ്റുതുടങ്ങുന്ന പതിവുള്ള മുംബൈ പക്ഷേ, അഞ്ച് കിരീടങ്ങളുമായി ഐപിഎലിലെ ഏറ്റവും മികച്ച ടീമാണ്. റോയൽ ചലഞ്ചേഴ്സ് ആവട്ടെ, പലപ്പോഴും സൂപ്പർ സ്റ്റാറുകളെ അണിനിരത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഐപിഎൽ കിരീടം നേടാൻ സാധിക്കാത്ത ടീമും ആണ്.
ക്വാറൻ്റീനിലുള്ള ക്വിൻ്റൺ ഡികോക്ക് ഇന്ന് മുംബൈക്കായി കളിക്കുമോ എന്നത് സംശയമാണ്. ഡികോക്ക് കളിച്ചില്ലെങ്കിൽ അത് ക്രിസ് ലിന്നിന് വഴിയൊരുക്കും. ഇഷാൻ കിഷനെ ഓപ്പണിംഗിലേക്ക് മാറ്റി ജെയിംസ് നീഷം കളിക്കാനും ഇടയുണ്ട്. ചെപ്പോക്കിലെ സ്പിൻ പിച്ചിൽ രണ്ട് സ്പിന്നർമാരെ പരിഗണിച്ചാൽ രാഹുൽ ചഹാറിനൊപ്പം പീയുഷ് ചൗളയോ ജയന്ത് യാദവോ കളിക്കും. മൂന്ന് പേസർമാരുമായി ഇറങ്ങിയാൽ കോൾട്ടർനൈൽ തന്നെ കളിക്കും. ബുംറ, ബോൾട്ട് എന്നിവരാവും മറ്റ് പേസർമാർ.

ആർസിബിയിൽ, കൊവിഡ് നെഗറ്റീവായി എത്തിയ ദേവ്ദത്ത് കളിക്കാനുള്ള സാധ്യത കുറവാണ്. ദേവ്ദത്ത് ഇല്ലെങ്കിൽ മലയാളി താരം അസ്‌ഹർ കോലിക്കൊപ്പം ഓപ്പൺ ചെയ്തേക്കും. ആദം സാമ്പയും കെയിൻ റിച്ചാർഡ്സണും കളിക്കില്ല. ചെപ്പോക്ക് പിച്ച് പരിഗണിച്ച് സ്പിൻ ശക്തിപ്പെടുത്തുകയാണെങ്കിൽ യുസ്‌വേന്ദ്ര ചഹാലിനൊപ്പം കളിപ്പിക്കാൻ മറ്റൊരു സ്പെഷ്യലിസ്റ്റ് സ്പിന്നർ ആർസിബിയിൽ ഇല്ല. എന്നാൽ, സ്പിൻ ഓൾറൗണ്ടർമാർ ഉള്ളതുകൊണ്ട് തന്നെ അവരിൽ ആരെങ്കിലും കളിച്ചേക്കാം. അങ്ങനെയെങ്കിൽ ഷഹബാസ് അഹ്മദോ സുയാഷ് പ്രഭുദേശായിയോ ടീമിലെത്തും. വാഷിംഗ്ടൺ സുന്ദറും കളിക്കും. ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജും നവദീപ് സെയ്നിയുമാവും പേസ് ആക്രമണം നയിക്കുക. ഫിനിഷർ റോളിൽ രജത് പാട്ടിദാറോ സുയാഷോ ഇറങ്ങും. റിച്ചാർഡ്സണിൻ്റെ അഭാവത്തിൽ കെയിൽ ജമീസണും ടീമിൽ ഇടം ലഭിക്കും.

Check out our other content

Check out other tags:

Most Popular Articles